സ്വന്തം ലേഖകന്‍: ഉന്നത പദവികളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കി കുവൈറ്റ്; സര്‍ട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാന്‍ കഴിയാത്ത വിദേശികളെ തരംതാഴ്ത്തും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാന്‍ കഴിയാത്ത വിദേശികളെ ഉന്നത തസ്തികകളില്‍ നിന്നു താഴ്ന്നവയിലേക്കു മാറ്റി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി. ആയിരക്കണക്കിനു പേര്‍ക്കെതിരെ നടപടിയെടുത്തെന്നാണു റിപ്പോര്‍ട്ട്.
ചിലരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും കണ്ടെത്തി. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കു തൊഴില്‍ അനുമതി രേഖ പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത തെളിയിക്കണമെന്ന പുതിയ നിബന്ധന അനുസരിച്ചാണു നടപടി. സര്‍ട്ടിഫിക്കറ്റുകള്‍ അതതു രാജ്യത്തെ ആധികാരിക ഏജന്‍സികളും കുവൈത്തിലെ അംഗീകൃത സംവിധാനവും അറ്റസ്റ്റ് ചെയ്യണമെന്നാണു ചട്ടം. എന്നാല്‍ പലര്‍ക്കും അറ്റസ്റ്റേഷന്‍ കിട്ടിയില്ല, ചിലര്‍ക്കാകട്ടെ സര്‍ട്ടിഫിക്കറ്റ് പോലും ഹാജരാക്കാന്‍ കഴിഞ്ഞില്ല.
ഈ സാഹചര്യത്തില്‍ അവര്‍ വഹിക്കുന്ന പദവികളില്‍ തൊഴില്‍ അനുമതി പുതുക്കല്‍ തടഞ്ഞുവയ്ക്കുകയാണ്. പകരം ഉന്നത വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത തസ്തികകള്‍ മാറ്റി നല്‍കും. അതേസമയം, ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തവര്‍ അതേസ്ഥാപനത്തില്‍ തന്നെ താഴ്ന്ന തസ്തികകളിലേക്കു മാറാന്‍ വൈമുഖ്യം കാട്ടുന്നതായും രാജ്യം വിടുന്നതായും റിപ്പോര്‍ട്ടുണ്ട്. വിദേശികളുടെ എണ്ണം കൂടുന്നതിനു തടയിടാനുള്ള പദ്ധതിയുടെ കൂടി ഭാഗമായാണു സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല