സ്വന്തം ലേഖകന്‍: കുവൈത്ത് ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി വിദേശികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നീക്കം. തൊഴില്‍, സാമൂഹിക വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സുബിഹിന്റെ നേതൃത്വത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ജനസംഖ്യാ കണക്കെടുപ്പ് വിഭാഗം, പ്ലാനിങ് വിഭാഗം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നീ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതിയാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്.
രാജ്യത്തെ ജനസംഖ്യയില്‍ 25 ലക്ഷത്തിലേറെ വിദേശികളുള്ളപ്പോള്‍ വെറും 12 ലക്ഷം മാത്രമാണ് സ്വദേശികള്‍. അതിനാല്‍ പ്രതിവര്‍ഷം 2.8 ലക്ഷം വിദേശികളെ കുറവുവരുത്തി അഞ്ചു വര്‍ഷംകൊണ്ട് വിദേശ ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് തുല്യമാക്കണമെന്നാണ് ആവശ്യം.
നിയന്ത്രണമില്ലാതെ വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ചാല്‍ സ്വദേശികള്‍ ന്യൂനപക്ഷമായി തീരുമെന്ന് കടുത്ത നിയന്ത്രണം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്ന എംപിമാര്‍ ആരോപിക്കുന്നു. അവിദഗ്ധരായ വിദേശ തൊഴിലാളികള്‍ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും കൂടുതലാണെന്നും ഇവരെ കണ്ടെത്തി തിരിച്ചയക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
പൊതു മേഖലയില്‍ യോഗ്യതയുള്ള സ്വദേശികളെ കിട്ടാത്ത സാഹചര്യത്തില്‍മാത്രം വിദേശികള്‍ക്ക് ജോലി നല്‍കി ബാക്കിയുള്ളവരെ സര്‍വീസില്‍നിന്ന് പിരിച്ചു വിടുന്നതിനും നിര്‍ദേശമുണ്ട്. വിദേശ തൊഴിലാളികളെ പുനര്‍ നിയമിക്കുന്നതിനും വിദേശ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ കീഴില്‍ ഒരു പുതിയ കമ്പനി രൂപവത്കരിക്കുന്നന് ഉന്നതതല സമിതി ശുപാര്‍ശ ചെയ്തിരുന്നു.
രാജ്യത്ത് നിലവിലുള്ള വിദേശ തൊഴിലാളി ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിച്ച് ഓരോ രാജ്യക്കാര്‍ക്കും ഒരു നിശ്ചിത കൂലി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പുതിയ കമ്പനിയെ ചുമതലപ്പെടുത്തുമെന്നാണ് സൂചന. സര്‍ക്കാര്‍ പ്രോജക്ടുകളില്‍ ജോലി ചെയ്യാനെത്തുന്ന കരാര്‍ തൊഴിലാളികള്‍ പ്രോജക്ടുകള്‍ കഴിയുന്നതോടെ രാജ്യം വിടുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല