1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2021

സ്വന്തം ലേഖകൻ: കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിനായി സീറ്റ് ബുക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ ലഭിച്ച യാത്രക്കാരുടെ ടിക്കറ്റ് അകാരണമായി കാന്‍സല്‍ ചെയ്യുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരേ നടപടിയുമായി കുവൈറ്റ് അധികൃതര്‍. ഈ രീതിയില്‍ ടിക്കറ്റ് റദ്ദാക്കപ്പെട്ടവര്‍ വിവരം അറിയിക്കണമെന്ന് കുവൈറ്റ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ അബ്ദുല്ല അല്‍ റാജിഹി അറിയിച്ചു. ചില വിമാനക്കമ്പനികള്‍ അനുവദിച്ചനെക്കാള്‍ അധികം ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്ത് നല്‍കിയ ശേഷം അവസാന നിമിഷം അവ റദ്ദാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇങ്ങിനെ ടിക്കറ്റ് കാന്‍സലാവാന്‍ കമ്പനികള്‍ കാരണമായി യാത്രക്കാരോട് പറയുന്നത് കുവൈറ്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചില്ല എന്നതാണെന്നും അധികൃതര്‍ വിവരം ലഭിച്ചിട്ടുണ്ട്. ഓരോ വിമാനത്തിലും കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം നേരത്തേ അധികൃതര്‍ നിര്‍ണയിച്ച് നല്‍കിയതാണെന്ന് അല്‍ റാജിഹി പറഞ്ഞു. എന്നാല്‍ അതില്‍ കൂടുതല്‍ ആളുകള്‍ക്ക് ടിക്കറ്റ് കണ്‍ഫേം ചെയ്ത് നല്‍കുകയാണ് ചില എയര്‍ലൈനുകള്‍ ചെയ്യുന്നത്.

അവസാന നിമിഷം ആരെങ്കിലും യാത്ര കാന്‍സല്‍ ചെയ്യുന്ന പക്ഷം അവര്‍ക്ക് നല്‍കാമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ കുവൈറ്റ് അധികൃതരെ പഴിചാരിയാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതെന്നും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇത് ശരിയല്ലെന്നു മാത്രമല്ല ബിസിനസ് ധാര്‍മികതയ്ക്ക് എതിരുമാണ്. കുവൈറ്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന് ചീത്തപ്പേര് ഉണ്ടാവാന്‍ ഇത് കാരണമാവും. ഇത് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ക്ക് എതിരാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിമാന കമ്പനികള്‍ക്കെതിരേ ശക്തമായ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ രീതിയില്‍ കണ്‍ഫര്‍മേഷന്‍ ലഭിച്ച ശേഷം ടിക്കറ്റ് കാന്‍സല്‍ ചെയ്യപ്പെട്ട യാത്രക്കാര്‍ അവരുടെ ടിക്കറ്റ്, പണം അടച്ചതിന്റെ റസീപ്റ്റ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ സഹിതം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കീഴിലുള്ള എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കംപ്ലയിന്റ്‌സ് വിഭാഗത്തില്‍ പരാതി സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.