സ്വന്തം ലേഖകൻ: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള കരട് ചട്ടത്തിന് മന്ത്രിസഭ അംഗീകാരം. 2020ലെ 74ാം നമ്പർ നിയമത്തിന്റെ കരട് ഉത്തരവിനും അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള കരട് ചട്ടത്തിനുമാണ് അംഗീകാരം നൽകിയത്.
സഹകരണ സംഘങ്ങളിലെ തൊഴിലവസരം സ്വദേശിവത്കരിക്കുന്ന പദ്ധതിയെക്കുറിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് മന്ത്രിസഭയെ അറിയിച്ചു. ഇതുവഴി സ്വദേശികൾക്ക് 3,000 തൊഴിലവസരം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിന് പബ്ലിക്ക് അതോറിറ്റി ഓഫ് മാൻപവർ, യൂനിയൻ ഓഫ് കൺസ്യൂമർ കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുമായി ഏകോപിപ്പിക്കാൻ സാമൂഹികകാര്യ മന്ത്രിയോട് മന്ത്രിസഭ ഉത്തരവിട്ടു.
സെയ്ഫ് പാലസിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. സർക്കാർ രാജിയുടെ വെളിച്ചത്തിൽ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിലൂടെ ഒഴിഞ്ഞുകിടക്കുന്ന ലീഡിങ്, സൂപ്പർവൈസറി തസ്തികകൾ നികത്തുന്നതും പൊതുസേവകരുടെ സ്ഥലംമാറ്റം നിർത്തിവെക്കുന്നതും അവരുടെ സ്ഥലംമാറ്റ കാലാവധി നീട്ടുന്നതും തടയാൻ മന്ത്രിമാരോട് കാബിനറ്റ് നിർദേശിച്ചു.
കുവൈത്ത് സിറ്റി ബീച്ചുകൾ നവീകരിക്കുന്നതിനും മനോഹരമാക്കുന്നതിനുമുള്ള പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് കുവൈത്ത് നാഷനൽ ബാങ്കിന്റെയും കുവൈത്ത് ഫിനാൻസ് ഹൗസിന്റെയും നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. ദേശീയ-വിമോചന ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്ത് ജനത എന്നിവരെ മന്ത്രിസഭ അഭിനന്ദിച്ചു.
രാജ്യത്ത് വൻ ലഹരിവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ, മയക്കുമരുന്ന് പിടിച്ചെടുക്കാനും സമൂഹത്തെ തിന്മയിൽ നിന്ന് സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഡ്രഗ്സ് കൺട്രോളിന് മന്ത്രിസഭ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല