സ്വന്തം ലേഖകൻ: കുവൈത്തിലേക്കു നേരിട്ട് യാത്രാ നിരോധനമുള്ള 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിൽ നേരിട്ടെത്തി 14 ദിവസം ക്വാറന്റീൻ നിർബന്ധമാക്കുന്നതു പരിഗണനയിൽ. ആരോഗ്യ മന്ത്രാലയത്തിനു മുൻപാകെയുള്ള നിർദേശത്തിൽ തീരുമാനമെടുക്കുന്നതിനു മന്ത്രി പഠനം നടത്തുന്നുണ്ടെന്നു കുവൈത്ത് രാജ്യാന്തരവിമാനത്താവളം ഡപ്യൂട്ടി ഡയറക്ടർ ജനറൽ സാലെ അൽ ഫദാഗി പറഞ്ഞു.
നിലവിൽ നിരോധനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം കൊവിഡ് മുക്തമെന്ന സർട്ടിഫിക്കറ്റ് സഹിതം കുവൈത്തിൽ എത്താം.
കേരളീയർ ഉൾപ്പെടെ ഒട്ടേറെ പേർ ദുബായ് വഴി കുവൈത്തിൽ എത്തുന്നുമുണ്ട്. ഈ സാഹചര്യം ടൂറിസം വികസന അവസരമാക്കി മാറ്റിയിരിക്കയാണ് ദുബായ്. മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങുന്നതിനു പകരം അത് കുവൈത്തിൽ തന്നെയാക്കിയാൽ രാജ്യത്തെ ഹോട്ടൽ-ടൂറിസം മേഖലയ്ക്ക് ഉണർവേകും എന്നാണ് അഭിപ്രായം.
അതിനിടെ കൊവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണത്തെ തുടർന്ന് കുവൈത്തിൽ തിരിച്ചെത്താനാകാത്ത 1,27,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദായി.
വിദേശത്താണെങ്കിലും ഇഖാമ പുതുക്കാൻ നൽകിയ സൗകര്യം പ്രയോജനപ്പെടുത്താത്തവരുടെ ഇഖാമയാണു റദ്ദായത്. സ്പോൺസർമാർ കരുതിക്കൂട്ടി ഇഖാമ പുതുക്കാത്തവയും അക്കൂട്ടത്തിൽപെടും. വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്ക് ഇഖാമ കാലാവധി പരിഗണിക്കാതെ ഏതവസരത്തിലും കുവൈത്തിലേക്ക് തിരിക്കാമെന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല