സ്വന്തം ലേഖകൻ: 2021ൽ 25,7000 വിദേശികൾ കുവൈത്ത് വിട്ടുപോയതായി കണക്ക്. സ്വകാര്യമേഖലയിൽ തൊഴിലെടുത്ത 20,5000 പേരും പൊതുമേഖലാ ജീവനക്കാരായിരുന്ന 7000 ആളുകളുമാണ് വിട്ടുപോയത്. സ്വകാര്യമേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഒഴിഞ്ഞുപോയത് ഗാർഹിക തൊഴിൽ മേഖലയിൽ നിന്നാണ്.
ആ വിഭാഗത്തിൽപ്പെട്ട 41200 പേരും തിരികെ പോയിട്ടുണ്ടെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി ആൻഡ് ലേബർ മാർക്കറ്റ് സിസ്റ്റം വ്യക്തമാക്കി. അതേസമയം തൊഴിൽ വിപണിയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധനയുണ്ടായി. 23000 സ്വദേശികളാണ് കഴിഞ്ഞ വർഷം പുതുതായി തൊഴിൽ വിപണിയിലെത്തിയത്.
അതിൽ ഭൂരിപക്ഷവും പൊതുമേഖലയിലാണ്. രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ മൊത്തം സംഖ്യ 2.7ദശലക്ഷമാണെന്നാണ് കണക്ക്. അതിൽ 16.2% സ്വദേശികളാണ്. ഗാർഹിക തൊഴിൽ മേഖലയിലെ വിദേശികൾ 22.8% (639000 പേർ) വരും.
തൊഴിൽ വിപണിയിൽ സ്വകാര്യമേഖല പ്രതിസന്ധി നേരിടുന്നുവെന്നാണ് വിലയിരുത്തൽ. മഹാമാരിയെ തുടർന്ന് പല കാരണങ്ങളാൽ ജീവനക്കാർ ഒഴിഞ്ഞുപോയതും വിദേശത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട്മെന്റ് നിലച്ചതും ഈ മേഖലയിൽ യോഗ്യതയുള്ള തൊഴിലാളികളുടെ കുറവ് ഉളവാക്കുന്നുണ്ട്.
പല തസ്തികകളിലും തൊഴിലെടുക്കാൻ സ്വദേശികൾക്ക് താൽപര്യമില്ലാത്ത സാഹചര്യവുമുണ്ട്. ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ പ്രതിസന്ധിയിലായ മേഖലകളിൽ നിർമാണം, കൃഷി, മത്സ്യബന്ധനം, ശുചീകരണം, പൊതുസേവന, അച്ചടി തുടങ്ങിയവ ഉൾപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല