സ്വന്തം ലേഖകൻ: കോവിഡിന്റെ പ്രസരണവും പ്രത്യാഘാതങ്ങളും കുറയുകയും ഗൾഫ് സമ്പദ് വ്യവസ്ഥ പഴയരീതിയിലാകുകയും പ്രവാസി തൊഴിലാളികൾ മടങ്ങിയെത്തുകയും ചെയ്ത സാഹചര്യത്തിൽ കുവൈത്തിലും ഗൾഫ് രാജ്യങ്ങളിലും പ്രാദേശിക തൊഴിൽ വിപണി സാധാരണ നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്. പ്രാദേശിക പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഗൾഫ് കോർപറേഷൻ കൗൺസിലിന്റെ ജനറൽ കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ വെളിപ്പെടുത്തലിലാണ് കോവിഡിനുശേഷമുള്ള തൊഴിൽ വിപണിയുടെ മടങ്ങിവരവിനെക്കുറിച്ച് പറയുന്നത്. 2020നുശേഷമാണ് ഇപ്പോൾ തൊഴിൽ വിപണിക്ക് ഉണർച്ച കൈവന്നിരിക്കുന്നത്.
ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ റിപ്പോർട്ട് പ്രകാരം, 2020ൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ആകെ 116.5 ബില്യൺ ഡോളറാണ് അവരുടെ നാടുകളിലേക്ക് അയച്ചത്. എന്നാൽ, ഇത് 2021ൽ 127.2 ബില്യൺ ഡോളറായി ഉയർന്നു. ഒരു വർഷംകൊണ്ട് 9.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലു വർഷത്തെ കണക്കെടുപ്പിൽ കുവൈത്ത് തൊഴിൽ വിപണി 6.1 ശതമാനം വളർച്ചനിരക്കോടെ മൂന്നാം സ്ഥാനത്തും 18.3 ബില്യൺ ഡോളർ മൂല്യമുള്ള മൊത്തം പണമയക്കലുമായി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
39.8 ബില്യൺ ഡോളറുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 47.5 ബില്യൺ യു.എസ് ഡോളറുമായി യു.എ.ഇ ഒന്നാം സ്ഥാനത്തും എത്തി. ഗാർഹിക തൊഴിലാളികളെ സംരക്ഷിക്കാൻ പ്രത്യേക നിയമം പാസാക്കിയ ജി.സി.സി രാജ്യങ്ങളിൽ കുവൈത്തും ഉൾപ്പെടുന്നു. തൊഴിൽ വിപണിയിൽ ആകെ 28.1 ശതമാനം സ്ത്രീതൊഴിലാളികളുള്ള കുവൈത്താണ് ഗാർഹിക സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്ത്. പ്രാദേശിക തൊഴിൽ വിപണിയുടെ 15.3 ശതമാനവും കുവൈത്തുകാർക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല