![](https://www.nrimalayalee.com/wp-content/uploads/2021/02/Kuwait-International-Airport-PCR-Test-Users-Fee.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ രണ്ടു ഡോസ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി. കോവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈത്തില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു.
അതേസമയം മറ്റു രാജ്യങ്ങളില്‍ വാക്സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അംഗീകരിച്ചാല്‍ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. അതോടൊപ്പം കുവൈത്തില്‍ കോവിഡ് പ്രതിസന്ധി കുറഞ്ഞതായും എന്നാല്‍ അടുത്ത ഘട്ടത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രത്യേകിച്ചും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്തോടെ ഉണ്ടാകാവുന്ന സാഹചര്യവും ജനിതക മാറ്റവും പുതിയ കോവിഡ് തരംഗതിനുള്ള സാധ്യത എന്നിവ മുന്നില്‍ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തേ വാക്‌സിനെടുത്തവരാണെങ്കിലും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ മൂന്നാമതൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാവൂ എന്ന് കുവത്ത് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇനി ഇത് ആവശ്യമില്ലെന്നും നേരിട്ട് കുവൈറ്റില്‍ എത്താമെന്നുമാണ് ആരോഗ്യ മന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ ഇളവ് ബാധകമാണ്. അതേസമയം, ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
ഇന്ത്യ ഉള്‍പ്പെടെയുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുവൈറ്റില്‍ എത്തിക്കഴിഞ്ഞാല്‍ ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്നായിരുന്നു നേരത്തേയുള്ള നിര്‍ദ്ദേശം. ഏഴു ദിവസത്തിനിടയില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കണം എന്നുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ താമസസ്ഥലത്തേക്ക് മാറാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ, യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൈവശം കരുതണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല