സ്വന്തം ലേഖകൻ: കുവൈത്തിൽ ഏപ്രിൽ എട്ടുവരെ നിലവിലുണ്ടായിരുന്ന കർഫ്യൂ 22വരെ നീട്ടിയതോടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരാനും തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിലക്ക് തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കർഫ്യൂ സമയം വൈകിട്ട് 7 മുതൽ രാവിലെ 5 വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 8മുതൽ 22വരെയാണ് പുതുക്കിയ സമയം. താമസകേന്ദ്രങ്ങളിൽ വ്യായാമ സവാരിക്കുള്ള സമയം വൈകിട്ട് 7 മുതൽ 10വരെ മാത്രമായിരിക്കും. കാൽനട മാത്രമേ അനുവദിക്കൂ. സൈക്കിൾ, ബൈക്ക് തുടങ്ങിയ പാടില്ല.
ഫെബ്രുവരി ഏഴു മുതലാണ് കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. അതിനു മുമ്പുതന്നെ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുണ്ടായിരുന്നു. അന്ന് ദുബാ ഉൾപ്പെടെ ഇടത്താവളങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരുന്നായിരുന്നു ആളുകൾ വന്നിരുന്നത്.
പെെട്ടന്ന് പൂർണമായ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ ഇടത്താവളങ്ങളിൽ നിരവധി പേർ കുടുങ്ങി. ഇതിൽ ഭൂരിഭാഗവും നാട്ടിലേക്കുതന്നെ തിരിച്ചുപോയി. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് പെെട്ടന്ന് കുവൈത്തിലേക്ക് എത്തേണ്ടവരും നിരവധിയാണ്.
നിരവധി പേരുടെ വിസ കാലാവധി കഴിഞ്ഞ് കുവൈത്തിലേക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ടായി. വൈകാതെ വിലക്ക് നീക്കും എന്ന പ്രതീക്ഷയിൽ ദുബായിൽ തങ്ങുന്നവർ നിരാശരായിട്ടുണ്ട്. ദുബായിൽ കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ സന്നദ്ധ സംഘടനകൾ സഹായിക്കുന്നതാണ് ആശ്വാസം. ഭക്ഷണത്തിനും താമസത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
നാട്ടിൽ കുടുങ്ങിയവർക്ക് മാസങ്ങളായി വരുമാനം നിലച്ചിരിക്കുകയാണ്. ഉള്ള ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ട്. നിലവിൽ കുവൈത്തിലുള്ളവർക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പോകാൻ തയാറാകുന്നില്ല. അവധിക്ക് നാട്ടിൽ പോയിട്ട് ദീർഘനാളായ നിരവധി പേരാണുള്ളത്. ഇവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. കമ്പനി നിർബന്ധിത അവധി നൽകുകയും നാട്ടിൽ പോകാൻ കഴിയാത്തതിനാൽ മുറിയിൽ കഴിച്ചുകൂട്ടുന്നവരും ഏറെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല