![](https://www.nrimalayalee.com/wp-content/uploads/2021/02/Kuwait-Institutional-Quarantine-Hotel-Room-Rent.jpg)
സ്വന്തം ലേഖകൻ: ഇന്ന് മുതല്‍ വിദേശ യാത്രക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി നല്‍കുന്ന പശ്ചാത്തലത്തില്‍ പുതിയ യാത്രാ നയം പുറത്തിറക്കി കുവൈത്ത് അധികൃതര്‍. ഇതോടെ ഇതിനു മുമ്പുള്ള എല്ലാ യാത്രാനയങ്ങളും അസാധുവായതായി കുവൈത്ത് ഡയരക്ടറേറ്റ് ജനറല്‍ ഓഫി സിവില്‍ ഏവിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പുതിയ യാത്രാ നയം അനുസരിച്ച് ഏതാനും വിഭാഗങ്ങള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാനാവില്ല.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും ഇതിനകം നല്‍കിക്കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം, ഇന്ത്യ ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം ഉണ്ടായിരിക്കില്ല.
പനി, ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുള്ളവരെ കുവൈറ്റിലേക്കുള്ള വിമാനങ്ങളില്‍ കയറാന്‍ അനുവദിക്കില്ല. കുവൈറ്റിന് പുറത്ത് അനുവദിച്ചതില്‍ കൂടുതല്‍ കാലം തങ്ങിയ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്കും വിലക്കുണ്ട്. 2019 ഓഗസ്ത് 31നോ അതിനു മുമ്പോ കുവൈറ്റില്‍ നിന്ന് പുറത്തുപോയവര്‍ക്കും അവരുടെ വിസ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും, കുവൈറ്റിലേക്ക് തിരിച്ചുവരാനാവില്ല.
ഓണ്‍ അറൈവല്‍ വിസയില്‍ ആര്‍ക്കും കുവൈറ്റിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ടെര്‍മിനലില്‍ നിന്ന് മറ്റൊരു ടെര്‍മിനലിലേക്കുള്ള ട്രാന്‍സിറ്റ് യാത്ര അനുവദിക്കില്ല. പകരം ടെര്‍മിനല്‍ നാലില്‍ വന്ന് അവിടെ നിന്നു തന്നെ പുറത്തേക്ക് ട്രാന്‍സിറ്റ് യാത്ര അനുവദിക്കും.
സെപ്തംബര്‍ ഒന്നിനോ അതിനു ശേഷമോ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്തവര്‍ക്ക് ഓഗസ്ത് ഒന്നു മുതല്‍ രാജ്യത്തേക്ക് തിരികെ വരാം. കാലാവധി തീരാത്ത സാധുവായ റെസിഡന്‍സ് പെര്‍മിറ്റ്/വിസ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. യാത്രക്കാരുടെ സ്മാര്‍ട്ട് ഫോണിലെ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചിരിക്കണം. ഇമ്മ്യൂണ്‍ സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ ഷോട്ടോ, പ്രിന്‍ഔട്ടോ മതിയാവില്ല.
കുവൈറ്റില്‍ എത്തുന്നതിന് 14 ദിവസത്തിനുള്ളില്‍ ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശരീലങ്ക എന്നീ രാജ്യങ്ങള്‍ വഴി യാത്ര ചെയ്തവര്‍ ആയിരിക്കരുത് എന്ന നിബന്ധനയുമുണ്ട്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ (https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_RegistrationAR.aspx) അപ് ലോഡ് ചെയ്യണം.
ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക, മൊഡേണ എന്ന വാക്‌സിനുകളുടെ രണ്ട് ഡോസുകളും ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഒരു ഡോസും എടുത്തവരെയാണ് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവരായി കണക്കാക്കുക. കുവൈത്ത് മുസാഫിര്‍ വെബ് പ്ലാറ്റ്‌ഫോം (https://kuwaitmosafer.gov.kw/home.html) മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇതിനു പുറമെ, ഇമ്മ്യൂണ്‍ ആപ്ലിക്കേഷനും കുവൈത്ത് മൊബൈല്‍ ഐഡി ആപ്ലിക്കേഷനും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമുള്ളവര്‍ ബില്‍ സലാമ പാക്കേജ് എടുക്കണം. ഹോട്ടല്‍ താമസം, പിസിആര്‍ ടെസ്റ്റുകള്‍ എന്നിവയുടെ ചെലവുകള്‍ അടങ്ങുന്നതാണ് പാക്കേജ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല