സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസ് പുനരാരംഭിക്കാൻ കുവൈത്ത് തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണു തീരുമാനമെടുത്തത്. ഈജിപ്ത്, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവയാണ് മറ്റു രാജ്യങ്ങൾ. കോവിഡ് വ്യാപനത്തിനെതിരെ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ചാണു തീരുമാനം.
കോവിഡ് ആരംഭിച്ചകാലം തൊട്ട് നിർത്തലാക്കിയതാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവിസ്. ഓഗസ്റ്റ് 1ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്തിൽ തിരികെ പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഈ രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള സർവിസ് ആരംഭിച്ചിരുന്നില്ല. പകരം മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തിൽ പ്രവേശിക്കാനായിരുന്നു സൗകര്യം.
ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ഭീമമായ തുകയാണ് ട്രാവൽ ഏജൻസികൾ ചുമത്തിയിരുന്നത്. ഈ സാഹചര്യത്തിൽ നേരിട്ടുള്ള സർവിസ് പുനരാരംഭിക്കുന്നത് ഒട്ടേറെ പേർക്ക് ആശ്വാസമാകും. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടും യാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികളുണ്ട്.
കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും വിദേശത്ത് നിന്നുള്ളവർക്ക് കുവൈത്തിലേക്ക് പ്രവേശനം. യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ നടത്തിയ പി.സി.ആർ പരിശോധന അനുസരിച്ച് കോവിഡ് നെഗറ്റീവായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. ഫൈസർ, മോഡേണ, ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല