സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് പുനരാരംഭിക്കുന്ന നേരിട്ടുള്ള വിമാന സർവീസ് ആശ്വാസമാകുന്നത് ആയിരങ്ങൾക്ക്. കോവിഡ് തുടങ്ങിയത് തൊട്ട് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന അനേകം ആളുകളാണ് യാത്രയ്ക്കായി ഒരുങ്ങുന്നത്. കോവിഡ് സാഹചര്യത്തിൽ വിമാന സർവീസ് നിർത്തലാക്കിയതോടെ ഒട്ടേറെ ആളുകളാണ് നാട്ടിൽ കുടുങ്ങിയത്.
കുവൈത്തിലേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ഇന്ത്യ, ഈജിപ്ത്, നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു.
ഓഗസ്റ്റ് 22 മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് യാത്രമെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരായാലും അല്ലെങ്കിലും റസിഡന്‍സി വിസ ഉള്ളവരായാലും അല്ലെങ്കിലും കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന പൗരന്‍മാരും പ്രവാസികളും ശെലോനിക് ആപ്പില്‍ മുന്‍കൂട്ടി യാത്ര രജിസ്റ്റര്‍ ചെയ്യണമെന്നതാണ് വ്യവസ്ഥകളിലൊന്ന്.
എന്നാല്‍ കുവൈത്തില്‍ സിവില്‍ ഐഡി ഇല്ലാത്തവര്‍ അഥവാ റെസിഡന്‍സി വിസ ഇല്ലാത്തവര്‍ കുവൈത്തിലെത്തിയ ശേഷം ലോക്കല്‍ മൊബൈല്‍ നമ്പര്‍ എടുത്ത് ശെലോനിക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാണക്കുന്ന സത്യവാംഗ്മൂലം സമര്‍പ്പിക്കണം. 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതും പൊതു നിബന്ധനയാണ്.
കുവൈത്തില്‍ അംഗീകരിക്കപ്പെട്ട വാക്‌സിന്‍ എടുത്ത സിവില്‍ ഐഡി ഉള്ളവരും ഇല്ലാത്തവരും കുവൈത്തില്‍ എത്തിയ ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ വേഗത്തില്‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കണം എന്നുള്ളവര്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അതുമുതല്‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കാം. കുവൈത്തില്‍ റെസിഡന്‍സ് വിസ ഇല്ലാത്തവരും വാക്‌സിന്‍ എടുത്തവരുമായ യാത്രക്കാര്‍ കുവൈത്തിലെത്തി 24 മണിക്കൂറിനകം പിസിആര്‍ ടെസ്റ്റ് നടത്തണം.
തീരെ വാക്‌സിന്‍ എടുക്കാത്തവരോ ഭാഗികമായി മാത്രം വാക്‌സിന്‍ എടുത്തവരോ ആണെങ്കില്‍ അവര്‍ക്ക് ഏഴു ദിവസത്തെ സ്ഥാപന ക്വാറന്റൈനും അതിനു ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്. ഇവര്‍ കുവൈത്തില്‍ എത്തിയ ശേഷം ആദ്യ ദിവസവും ആറാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം. ഇതിനുള്ള ചെലവ് സ്വന്തമായി വഹിക്കണം. മുസാഫിര്‍ ആപ്പ് വഴിയാണ് പരിശോധനാ ഫീസ് അടയ്‌ക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, വാക്‌സിന്‍ എടുക്കാത്ത വീട്ടുവേലക്കാര്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. എന്നാല്‍ അവരുടെ യാത്രാ വിവരങ്ങള്‍ ഗൃഹനാഥന്‍ ബില്‍സലാമ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍, അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്‌സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരായി കണക്കാക്കുകയുള്ളൂ.
എന്നാല്‍ കുവൈത്ത് അംഗീകാരം നല്‍കിയിട്ടിലാത്ത വാക്‌സിനുകളായ സിനോഫാം, സിനോവാക്, സ്പുട്‌നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവര്‍ കുവൈത്ത് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു വാക്‌സിന്റെ ഒരു അധിക ഡോസ് സ്വീകരിച്ച് കൊണ്ട് കുവൈത്തില്‍ പ്രവേശിക്കാം. കുവൈത്തില്‍ നിന്ന് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പിലോ ആണ് ഇതിനുള്ള തെളിവ് കാണിക്കേണ്ടത്.
കുവൈത്തിന് പുറത്തു വച്ച് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ അവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പോസ്‌പോര്‍ട്ടിലെ പേര്, സ്വീകരിച്ച വാക്‌സിന്‍, തീയതി, സ്ഥലം, ക്യുആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കണം. ക്യുആര്‍ കോഡ് ഇല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല