![](https://www.nrimalayalee.com/wp-content/uploads/2021/04/India-Covid-19-Second-Wave-Flight-Ban-Australia.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന പരമാവധി യാത്രക്കാരുടെ പരിധി വർധിപ്പിക്കണമെന്ന് മന്ത്രിസഭയോട് അഭ്യർഥിച്ച് വ്യോമയാന വകുപ്പ്. വിമാനത്താവളത്തിൻ്റെ പ്രവർത്തനശേഷി വർധിപ്പിച്ചാൽ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ഡി.ജി.സി.എ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ പ്രതിദിനം 10,000 ഇൻകമിങ് യാത്രക്കാർക്കാണ് അനുമതിയുള്ളത്.
ഇന്ത്യയിൽനിന്നും ഇൗജിപ്തിൽനിന്നും നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. സീറ്റുകൾ കുറവായതിനാലാണ് ടിക്കറ്റ് നിരക്ക് വർധിച്ചത്. 60,000 രൂപക്ക് മുകളിലാണ് ഇന്ത്യയിൽനിന്ന് ഇപ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇതുതന്നെ കിട്ടാനുമില്ല.
ടിക്കറ്റ് ഇഷ്യൂ ചെയ്ത് നിമിഷങ്ങൾക്കകം തീരുകയാണ്. ഉയർന്നനിരക്ക് നൽകിയാണ് അത്യാവശ്യക്കാർ കുവൈത്തിൽ എത്തുന്നത്. ട്രാവൽസുകളുടെ ബൾക് ബുക്കിങ്ങാണ് ഇതിന് കാരണമായി ചൂട്ടിക്കാട്ടുന്നത്. കൂടുതൽ സർവിസുകൾ ആരംഭിക്കാൻ നിയന്ത്രണം കാരണം വിമാനക്കമ്പനികൾക്ക് കഴിയുന്നില്ല.
പ്രതിദിന പരിധിയെ ബാധിക്കുന്നതിനാൽ ചാർട്ടർ വിമാനങ്ങൾക്കും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് വിവരം. നേരത്തെയും വ്യോമയാന വകുപ്പ് സീറ്റ് പരിധി വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് മന്ത്രിസഭക്ക് നിവേദനം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല