1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. ഒന്നര വര്‍ഷത്തിന് ശേഷം രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുന്നു. ലോകത്തില്‍ തന്നെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ ഇത്തരത്തില്‍ സാധാരണ രീതിയിലേക്ക് മാറിയിട്ടുള്ളു അതില്‍ ഒന്നാണ് കുവൈത്ത്. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് ആണ് ഇക്കാര്യം പറഞ്ഞത്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ മുഴുവനായി നിയന്ത്രങ്ങള്‍ മാറ്റിയിട്ടില്ല. ചില മേഖലയില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വൈകാതെ മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ലോകത്ത് തന്നെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് കൊവിഡില്‍ നിന്നും മുക്തമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. പല രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ കുറവാണ്. എങ്കിലും ജാഗ്രത കൈവിടാൻ ആരും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ് പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്ത് മാറ്റാന്‍ തയാറാവാത്തത്. കുവൈത്തില്‍ കൊവിഡ് വാക്സിന്‍ നല്‍ക്കുന്നത് ശക്തമായി തുടരുകയാണ്. രാജ്യത്തെ പകുതി ജനങ്ങളും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ആണ്.

അഞ്ചു മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും വാക്സിന് അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തില്‍ 50 പേര്‍ ആണ് വിവിധ ആശുപത്രികളില്‍ ആയി കൊവിഡ് ബാധിച്ച് കഴിയുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കൊവിഡ് ബാധിച്ച് ഇതുവരെ ആരും ആശുപത്രിയില്‍ എത്തിയിട്ടില്ല.

രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. രോഗമുക്തി നിരക്ക് വര്‍ധിച്ച സാഹചര്യവും വന്നതോടെയാണ് ആശുപത്രികളില്‍ രോഗികളുടെ എണ്ണം കുറഞ്ഞത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 662 കേസുകള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് ഉള്ളത്. ഇതില്‍ 50 പേര്‍ മാത്രമാണ് ലക്ഷണങ്ങള്‍ കണ്ട് ആശുപത്രിയില്‍ എത്തിയത്.

ബാക്കിയുള്ളവർ രോഗലക്ഷണങ്ങളോ ഗുരുതര സാഹചര്യമോ ഇല്ലാതെ വീടുകളില്‍ ആണ് കഴിയുന്നത്. പത്തു പേർക്ക് മാത്രമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ രോഗസ്ഥിരീകരണവും വളരെ കുറവാണ്. വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ചത് തന്നെയാണ് ഇത്രയും വേഗത്തില്‍ കൊവിഡിനെ ഒരു പരിതി വരെ പിടിച്ചു കെട്ടാന്‍ കുവൈത്തിന് സാധിച്ചത്.

കൊവിഡ് രോഗികള്‍ക്ക് വേണ്ടി തുറന്നിരുന്ന പല വാർഡുകളും തീവ്ര പരിചരണ യൂനിറ്റുകളും കുവൈത്ത് അടച്ചു പൂട്ടി. രോഗികൾ ഇല്ലാത്തതിനാൽ മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളിൽ പ്രവർത്തിച്ചിരുന്ന ഫീൽഡ് ആശുപത്രിയും പ്രവർത്തനം അവസാനിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.