![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Health-Ministry-Foreign-Recruitment-.jpg)
സ്വന്തം ലേഖകൻ: അടിയന്തര ആവശ്യമില്ലെങ്കിൽ വിദേശത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സ്വദേശികളോടും വിദേശികളോടും സർക്കാർ നിർദേശിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം അപൂർവമാം വിധം വ്യാപിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കുവൈത്തിൽ വന്നിറങ്ങുന്നവർ ക്വാറന്റീൻ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. ക്വാറന്റീൻ സമയപരിധി അവസാനിക്കുന്നതിന് മുൻപ് മറ്റുള്ളവരുമായി ഇടപെടുന്നതും ഒഴിവാക്കണം. ആശുപത്രികളിലും കോവിഡ് ഇന്റൻസീവ് കെയർ യൂണിറ്റുകളിലുമുള്ള കോവിഡ് കേസുകൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ആരോഗ്യ സ്ഥാപനങ്ങളിലെ ചികിത്സയും പ്രതിരോധ പ്രോട്ടോകോളും വിഘ്നമില്ലാതെ നടത്തുന്നുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം പര്യാപ്തമാണ്. കോവിഡ് ലക്ഷണമുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ഉപദേശിച്ചു.
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പുതിയ നടപടികളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഫാര്‍മസികളിലും ലബോറട്ടറികളിലും റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനം തുടക്കത്തില്‍ തന്നെ കണ്ടെത്തി അതിന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ടെസ്റ്റുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലാബുകളിലും ഫാര്‍മസികുളിലും നടത്തുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളിലെ പോസിറ്റീവ് കേസുകള്‍ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധനയ്ക്ക് ആവശ്യമായ ടെസ്റ്റിംഗ് കിറ്റുകള്‍ ഇവിടങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
റാപ്പിഡ് ടെസ്റ്റുകള്‍ വീടുകളില്‍ വച്ചും നിര്‍വഹിക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗ ലക്ഷണങ്ങള്‍ ഉള്ളതായി സംശയിക്കുന്നവരും ഏതെങ്കിലും പൊതു പരിപാടികള്‍ക്കോ കുടുംബ ചടങ്ങുകള്‍ക്കോ പോകുന്നവരും വയോജനങ്ങളെ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവരും തങ്ങള്‍ക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ റാപ്പിഡ് ടെസ്റ്റുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമാണെന്നും മന്ത്രാലയം അറിയിച്ചു. വലിയൊരു അളവോളം കൃത്യമാണ് ഇതിലൂടെ ലഭിക്കുന്ന പരിശോധനാ ഫലം.
രാജ്യത്തെ കോവിഡ് പോസിറ്റീവായവര്‍ക്കും കോവിഡ് രോഗബാധിതരായ ആളുകളുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ടവര്‍ക്കുമുള്ള ഐസൊലേഷന്‍ കാലയളവില്‍ മാറ്റം വരുത്താന്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ആരോഗ്യ മന്ത്രാലയം കൊറോണ അടിയന്തരങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്.
പൂര്‍ണമായി വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഐസൊലേഷന്‍, ക്വാറന്റൈന്‍ കാലയളവില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ 10 ദിവസം ഹോം ഐസൊലേഷനിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ 14 ദിവസം ക്വാറന്റൈനിലും ഇരിക്കണമെന്നാണ് വ്യവസ്ഥ. ഇത് കുറയ്ക്കാനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ക്രിസ്മസ്, പുതുവത്സര അവധിക്ക് ശേഷം ക്ലാസ്സുകള്‍ പുനഃരാരംഭിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1500ലേറെ പേര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി അല്‍ അനബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരിലെ കഴിഞ്ഞ ആഴ്ച വരെയുള്ള കോവിഡ് ബാധയുടെ കണക്കാണിത്. ഇതേക്കുറിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യത്തെ വിദ്യാഭാസ ജില്ലാ അധികൃതരോട് പബ്ലിക് എഡ്യുക്കേഷന്‍ വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. സ്‌കൂള്‍ പഠന കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിന് വേണ്ടിയാണിത്.
രാജ്യത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2,999 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 17,751 ആയി ഉയര്‍ന്നു. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന പോസിറ്റീവ് കേസുകളാണ് ഏതാനും ദിവസങ്ങളായി കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടകൊണ്ടിരിക്കുന്നത്.
നിലവില്‍ 14 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലും 87 പേര്‍ കോവിഡ് വാര്‍ഡുകളിലും ചികിത്സയില്‍ കഴിയുകയാണ്. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. രാജ്യത്ത് ഇതിനകം 433,919 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും അവരില്‍ 413,697 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല