![](https://www.nrimalayalee.com/wp-content/uploads/2021/12/Kuwait-Covid-frontline-Workers-Bonus.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ വിദേശികൾക്ക് പ്രവേശന വിലക്കടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കൊറോണ എമർജൻസി കമ്മിറ്റി മന്ത്രിസഭക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇത്തരത്തിൽ ശിപാർശ ഉണ്ടെന്നാണ് റിപ്പോർട്ട്.
പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയർന്നിട്ടുണ്ടെങ്കിലും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറവാണ്. രാജ്യത്ത് എത്തുന്നവരെ പരിശോധിക്കാനും വൈറസ് ബാധിതരെ ക്വാറൻറീനിലേക്ക് മാറ്റാനും നിലവിലുള്ള സൗകര്യങ്ങൾ പര്യാപതമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തേണ്ടെന്നാണ് കൊറോണ എമർജൻസി കമ്മിറ്റിയുടെ വിലയിരുത്തൽ.
അതേസമയം കോവിഡ് വാർഡുകൾക്കും ഐ.സി.യുകൾക്കും താങ്ങാൻ കഴിയാത്ത വിധം രോഗികൾ വർധിച്ചാൽ പ്രവേശന വിലക്ക് ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരും. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. അഞ്ചു ദിവസത്തിനിടെ പതിനായിത്തോളം പേർക്ക് ആണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ഒറ്റ ദിവസം മാത്രം 2645 പുതിയ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആക്റ്റീവ് കേസുകൾ 12,635 ആയി ഉയർന്നു. ആകെ 66 പേർ കോവിഡ് വാർഡുകളിലും 12 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. സർക്കാർ ഓഫീസുകളിൽ ഹാജർ നില നിയന്ത്രിക്കാൻ 60 ശതമാനമായി പരിമിതപ്പെടുത്തുന്ന കാര്യവും കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശയിൽ ഉണ്ടെന്നാണ് സൂചന. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം ശിപാർശകൾ ചർച്ച ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല