1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2021

സ്വന്തം ലേഖകൻ: അടിയന്തരമായി കുവൈറ്റിലേക്ക് എത്തേണ്ട ഇന്ത്യന്‍ പ്രവാസികള്‍ അക്കാര്യം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റിലേക്കുള്ള യാത്രാ അനുമതിയുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുമായി എംബസിയുടെ ട്വിറ്ററിലെത്തിയ പ്രവാസികള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്കാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യം കുവൈറ്റ് അധികൃതരുമായി ചര്‍ച്ച ചെയ്ത് അവരുടെ യാത്രാനുമതിക്കായുള്ള രജിസ്‌ട്രേഷന്‍ വേഗത്തില്‍ പരിഗണിക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. കുവൈറ്റില്‍ എത്തേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു കത്ത് ഇമെയില്‍ വഴി എംബസിക്ക് അയക്കണം. info.kuwait@mea.gov.in എന്ന ഇമെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. സ്‌പോണ്‍സറോ തൊഴിലുടമയോ മേലൊപ്പ് വച്ചതായിരിക്കണം അപേക്ഷ. പേര്, അഡ്രസ് തുടങ്ങിയ കാര്യങ്ങള്‍ കത്തില്‍ വ്യക്തമായി രേഖപ്പെടുത്തണം.

പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി, തൊഴില്‍ കരാര്‍ (ഉണ്ടെങ്കില്‍ മാത്രം) എന്നിവയുടെ പകര്‍പ്പ്, കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ മുസാഫിര്‍ പോര്‍ട്ടല്‍, മുസാഫിര്‍ ആപ്പ്, കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ് തുടങ്ങിയവയില്‍ യാത്രയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന്റെ സ്‌ക്രീന്‍ ഷോട്ട്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും ഇമെയിലിലേക്ക് അയക്കണം.

അപൂര്‍ണമായ വിവരങ്ങളോ രേഖകളോ അടങ്ങിയ ഇമെയിലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കില്ലെന്നും എംബസി വ്യക്തമാക്കി. ഇതേ വിവരങ്ങള്‍ എംബസിയുടെ മറ്റേതെങ്കിലും ഇമെയിലിലേക്ക് അയക്കരുതെന്നും അപേക്ഷയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കായി ഇതേ ഇമെയിലിലാണ് ബന്ധപ്പെടേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരിച്ചെത്താന്‍ അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി കുവൈറ്റ് അധികൃതരുമായി നിരന്തരമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. യാത്രയുടെ മുന്നോടിയായി അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുവരുടെ അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ പരിശോധിച്ചു വരികയാണ്.

അപേക്ഷകളും രേഖകളും പരിശോധിച്ച ശേഷം അവ സ്വീകരിച്ചോ നിരസിച്ചോ എന്ന കാര്യം ഔദ്യോഗികമായി അറിയിക്കും. അപേക്ഷ നിരസിക്കപ്പെടുന്ന പക്ഷം അതിന്റെ കാരണം സന്ദേശത്തില്‍ വ്യക്തമാക്കും. ഇതുവരെ അറിയിപ്പൊന്നും ലഭിക്കാത്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാവുന്ന മുറയ്ക്ക് അധികൃതര്‍ അക്കാര്യം അറിയിക്കുമെന്നും എംബസി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.