![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Illegal-Residents-Entry-Ban.jpg)
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കി രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനയും നിര്‍ബന്ധിത ക്വാറന്റൈനും ആവശ്യമില്ല. രാജ്യത്ത് നിലവിലുള്ള കോവിഡ് പശ്ചാത്തലം വിലയിരുത്തുന്നതിന് ഉന്നതതല കൊറോണ എമര്‍ജന്‍സി സുപ്രീം കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് മന്ത്രിസഭയോട് ആവശ്യപ്പെട്ടത്.ഇതേത്തുടര്‍ന്നാണ് നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് തീരുമാനം.
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതായി സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മെസ്രേം അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുകയും ആരോഗ്യസ്ഥിതി പുരോഗമിക്കുകയും ചെയ്തതോടെയാണ് സുപ്രധാന ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഫെബ്രുവരി 20 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ പി.സി.ആര്‍ പരിശോധനയും ക്വാറന്റീനും ആവശ്യമില്ല .
അതോടൊപ്പം വാക്‌സിന്‍ എടുക്കാത്തവര്‍ക്കും 72 മണിക്കൂര്‍ സമയപരിധിയിലെ പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കുവൈത്തിലേക്ക് വരാവുന്നതാണ്. എന്നാല്‍ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ തുടരുന്നതാണ്. ഏഴു ദിവസത്തെ സമയ പരിധിക്ക് ശേഷം പി.സി.ആര്‍ എടുത്ത് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാവുന്നതാണ്.
അതോടൊപ്പം ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പി.സി.ആര്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാവുന്നതാണ്. അതേസമയം കുത്തിവെപ്പ് നിര്‍ബന്ധമല്ലാത്ത 16 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത്തരം നിബന്ധനകളൊന്നും ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല