1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകളില്‍ നിന്ന് രാജ്യത്തേക്ക് എത്തുന്ന പ്രവാസികളെ ഒഴിവാക്കിയ നടപടി കുവൈത്ത് അധികൃതര്‍ തിരുത്തി. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ട യാത്രാ ഇളവുകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി വ്യോമയാനവകുപ്പ് അയച്ച സര്‍ക്കുലറാണ് 24 മണിക്കൂറിനുള്ളില്‍ തിരുത്തിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിമാനക്കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ ‘കുവൈത്ത് പൗരന്മാര്‍ക്ക് മാത്രം’ എന്ന ഭാഗം ‘എല്ലാ യാത്രക്കാര്‍ക്കും’ എന്നാക്കി തിരുത്തി അയക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി യാത്രാ നിബന്ധനകളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം കൈക്കൊണ്ടത്. പൂര്‍ണമായി വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ടെസ്റ്റ് നിബന്ധനകളും ക്വാറന്‍റൈന്‍ വ്യവസ്ഥയും ഒഴിവാക്കിയും പൂര്‍ണമായി വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് നിബന്ധനകളോടെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു കൊണ്ടും ആയിരുന്നു പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ദിവസം അയച്ച സര്‍ക്കുലറില്‍ ഈ ഇളവുകള്‍ രാജ്യത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മാത്രമാണ് ബാധകമെന്ന് അറിയിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ രാജ്യത്തേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു ഇത്. ഈ തീരുമാനം പിന്‍വലിച്ച അധികൃതരുടെ നടപടി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവും.

കോവിഡ് നിയന്ത്രണങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവന്ന് രാജ്യത്തെ ജനജീവിതം സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് മന്ത്രിസഭാ യോഗം നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 20 ഞായറാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നടപ്പില്‍ വരുമെന്ന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തീര്‍ന്നതിന്‍റെ ആശ്വാസത്തിലാണ് പ്രവാസികള്‍. ബൂസ്റ്റര്‍ ഡോസ് എടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും കുവൈത്തില്‍ അംഗീകാരമില്ലാത്ത കോവാക്സിന്‍ പോലുള്ള വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കും പുതിയ തീരുമാനം വലിയ ആശ്വാസമാവും.

യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ യാത്രയ്ക്കു മുമ്പും യാത്രയ്ക്കു ശേഷവും പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന നിബന്ധനയാണ് ഒഴിവാക്കിയ നിയന്ത്രണങ്ങളില്‍ പ്രധാനം. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്കാണ് ഈ ഇളവ് ബാധകം. രണ്ടു ഡോസ് പൂര്‍ത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവരാണെങ്കില്‍ അവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ മാത്രമേ പൂര്‍ണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കൂ. എന്നാല്‍, രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം ആയില്ലെങ്കില്‍ അവരെ പൂര്‍ണമായി വാക്‌സിന്‍ എടുത്തവരായി പരിഗണിക്കും. കുവൈത്തില്‍ അംഗീകരിച്ച വാക്സിന്‍ ഡോസുകള്‍ എടുത്തവരായിരിക്കണം എന്ന് നിബന്ധനയുണ്ട്. അതോടൊപ്പം പൂര്‍ണമായി വാക്സിന്‍ എടുത്തവരാണെങ്കില്‍ രാജ്യത്ത് എത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

പൂര്‍ണമായി വാക്സിന്‍ എടുക്കാത്തവര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി ഇന്നു മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയോടെയാണ് തീരെ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ കുവൈത്തിലെത്തിയ ശേഷം ഏഴ് ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്ന നിബന്ധനയുമുണ്ട്. ഏഴാം ദിവസം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്‍റൈന്‍ അവസാനിപ്പിക്കാം. എന്നാല്‍, ഭാഗികമായി വാക്സിന്‍ എടുത്തവര്‍ക്ക് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ രാജ്യത്തേക്ക് വരാം. രാജ്യത്ത് എത്തിയ ശേഷം ഇവര്‍ ഏഴു ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിയണം. എന്നാല്‍, അതിനിടയില്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് ക്വാറന്‍റൈന്‍ അവസാനിപ്പിക്കുകയും ചെയ്യാം.

വാക്‌സിനേഷന്‍ നിര്‍ബന്ധമല്ലാത്ത 16 വയസ്സിന് താഴെ പ്രായമുള്ളവരെ എല്ലാ യാത്രാ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവര്‍ വാക്സിന്‍ എടുത്തവരായാലും അല്ലെങ്കിലും പിസിആര്‍ ടെസ്റ്റോ ക്വാറന്‍റൈനോ ആവശ്യമില്ല. ആറ് വയസ്സ് മുതല്‍ പ്രായമുള്ള വിദേശി കുട്ടികള്‍ക്ക് രാജ്യത്തേക്കു വരാന്‍ 72 മണിക്കൂറില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈനുകള്‍ക്ക് ആദ്യം അയച്ച സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍, ആദ്യ ഉത്തരവ് തിരുത്തിയ സാഹചര്യത്തില്‍ സ്വദേശികള്‍ക്കെന്ന പോലെ പ്രവാസികളായ കുട്ടികള്‍ക്കും 16ന് താഴെയുള്ളവരെ യാത്രാ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയ നടപടി ബാധകമാകും. അതേസമയം, രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാന്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ നിബന്ധനകളൊന്നും ബാധകമല്ല. എന്നാല്‍, യാത്ര ചെയ്യുന്ന രാജ്യത്തെ നിബന്ധനകള്‍ പാലിക്കണം.

പുതിയ തീരുമാനം നടപ്പില്‍ വന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്ര പൂര്‍ണമായി വാക്‌സിന്‍ എടുത്തവരെ സംബന്ധിച്ചിടത്തോളം കോവിഡിന് മുമ്പുള്ള സ്ഥിതിയിലാവും. രണ്ടു വര്‍ഷത്തോളമായി തുടരുന്ന യാത്രാ നിബന്ധനകളാണ് ഇവരുടെ കാര്യത്തില്‍ ഇല്ലാതായിരിക്കുന്നത്. ഇതുകാരണം രാജ്യത്ത് എത്തുന്ന പ്രവാസി ജോലിക്കാരുടെയും സന്ദര്‍ശകരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി പള്ളികളില്‍ സാമൂഹിക അകലം വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇന്‍ഡോറില്‍ ഉള്‍പ്പെടെയുള്ള എല്ലാ ഒത്തുചേരലുകള്‍ക്കും അനുമതിയുണ്ടാകും. മാര്‍ച്ച് 13 മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. പൊതു ഗതാഗത സംവിധാനങ്ങളും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. അതേസമയം, യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.