1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2021

സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന കുവൈത്തില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യാത്രാ നിബന്ധനകള്‍ പുതുക്കി കുവൈത്ത്. ഇന്നലെ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ സെയ്ഫ് പാലസില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. അന്താരാഷ്ട്ര തലത്തിലെ ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്ത ശേഷമാണ് യോഗം ഈ തീരുമാനത്തിലെത്തിയത്.

കുവൈത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് ഈ നിബന്ധന ബാധകം. ഇവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കണമെങ്കിലും പുറത്തേക്ക് യാത്ര ചെയ്യണമെങ്കിലും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം ആയിട്ടില്ലെങ്കില്‍ അവരെ നിയന്ത്രണം ബാധിക്കില്ല.

ഒന്‍പത് മാസത്തിന് മുമ്പ് രണ്ടാം ഡോസ് എടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണമെന്ന നിയമം അടുത്ത വര്‍ഷം ജനുവരി രണ്ടു മുതലാണ് പ്രാബല്യത്തില്‍ വരിക. ഒന്‍പത് മാസത്തെ ഇടവേളയില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെ വാക്‌സിന്‍ എടുക്കാത്തവരായും അതിനാല്‍ പ്രതിരോധ ശേഷി ആര്‍ജിക്കാത്തവരുമായാണ് പരിഗണിക്കുക. കൊവിഡ് നിയന്ത്രണ ആപ്പില്‍ ഇവര്‍ക്ക് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാവുകയും ചെയ്യും. പൂര്‍ണമായും വാക്‌സിനെടുത്തവരായി പരിഗണിക്കപ്പെടാത്ത ഇവര്‍ക്ക് അതുകൊണ്ടു തന്നെ യാത്രാ നിരോധനം നിലവില്‍ വരികയും ചെയ്യും.

ഒമിക്രോണ്‍ വ്യാപനം തടയാന്‍ അതിര്‍ത്തികളിലെ സുരക്ഷയും പരിശോധനയും കര്‍ശനമാക്കുകയെന്ന നിര്‍ദ്ദേശമാണ് മന്ത്രിസഭാ യോഗം മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്തെത്തുന്ന എല്ലാവരും 10 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഈ നിബന്ധനയും അടുത്ത വര്‍ഷം ജനുവരി രണ്ടു മുതലാണ് നിലവില്‍ വരിക.

ക്വാറന്റൈന്‍ കാലയളവില്‍ ഒരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ പാടില്ല. രാജ്യത്ത് എത്തിയ ഉടനെയും ക്വാറന്റൈനില്‍ 72 മണിക്കൂര്‍ തികയുമ്പോഴും പിസിആര്‍ ടെസ്റ്റും നടത്തണം. രണ്ടാമത്തെ ടെസ്റ്റ് നടത്താത്തവര്‍ക്കാണ് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം. 72 മണിക്കൂര്‍ അഥവാ മൂന്ന് ദിവസം പൂര്‍ത്തിയായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണ്‍ വകഭേദം വ്യാപിച്ച സാഹചര്യത്തില്‍ കുവൈത്തിന് പുറത്തേക്ക് അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ എന്ന് മന്ത്രിസഭാ യോഗം നിര്‍ദ്ദേശിച്ചു. കുവൈത്തിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകമാണ്. തക്കതായ അടിയന്തര കാരണമില്ലാത്ത യാത്രകള്‍ക്ക് അനുമതി നല്‍കില്ല. ഒമിക്രോണ്‍ വൈറസിന്റെ വ്യാപനം തടയാന്‍ കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഞായറാഴ്ച ചേര്‍ന്ന കൊറോണ അടിയന്തരങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി തീരുമാനിച്ചിരുന്നു. സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രിതല യോഗം ചര്‍ച്ച ചെയ്ത ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തത്.

ഇതിനു പുറമെ, രാജ്യത്തേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് യാത്രക്കാര്‍ കൈവശം വയ്ക്കണം. നിലവില്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നതാണ് വ്യവസ്ഥ. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഫീല്‍ഡ് തല കമ്മിറ്റികള്‍ക്കും സ്‌ക്വാഡുകള്‍ക്കും രൂപം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാസ്‌ക്ക് ധാരണം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.