![](https://www.nrimalayalee.com/wp-content/uploads/2020/12/Kuwait-Covid-Vaccination-First-Dose-Prime-Minister.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് നിയന്ത്രണ വിധേയമാകുന്നതായി വിലയിരുത്തൽ. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ താഴെ എത്തി. കോവിഡ് ചികിത്സക്കായി സജ്ജമാക്കിയ വാർഡുകളിൽ പലതും തിരികെ മെഡിക്കൽ വാർഡുകളാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലം കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ മന്ത്രാലയം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മരണ നിരക്കിലും കുറവ് പ്രകടമാണ്. 1.89 ശതമാനം ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ടിപിആർ. പ്രതിദിന കേസുകൾ ഗണ്യമായി കുറഞ്ഞതോടെ കോവിഡ് വാർഡുകളിലും തീവ്ര പരിചരണ വിഭാഗത്തിൽ ആളൊഴിഞ്ഞു തുടങ്ങി. രാജ്യത്തെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ ജാബിർ ആശുപത്രിയിൽ മൂന്നു കോവിഡ് ഐസിയു വാർഡുകൾ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു.
കോവിഡ് രോഗികളായ കുട്ടികളെ പ്രവേശിപ്പിച്ചിരുന്ന വാർഡിൽ ഇപ്പോൾ രോഗികൾ ആരും ഇല്ല. ഏറ്റവും ഒടുവിലായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം കോവിഡ് വാർഡുകളിൽ 340 പേരും തീവ്ര പരിചരണ വിഭാഗത്തിൽ 173 പേരും മാത്രമാണ് ചികിത്സയിൽ ഉള്ളത്. രോഗമുക്തിയുടെ കാര്യത്തിലും ആഗോളതലത്തിൽ ഏറെ മുന്നിലാണ് കുവൈത്ത്.
ജനസംഖ്യയുടെ 70% ആളുകൾ കോവിഡ് വാക്സീൻ സ്വീകരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചു. 26 ലക്ഷത്തിലേറെ ആളുകൾ ഇതിനകം വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെ 8 മാസം മുൻപാണ് വാക്സിനേഷൻ ആരംഭിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണവും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞതായും മന്ത്രി പറഞ്ഞു.
അതേസമയം ജാഗ്രത കൈവെടിയാനുള്ള സമയം ആയിട്ടില്ലെന്നും സാമൂഹിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. അതിനിടെ ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ രണ്ടാം ഡോസ് നേരത്തെ നൽകാൻ അധികൃതർ തീരുമാനിച്ചു. നേരത്തെ രണ്ടു ഡോസുകൾക്കിടയിൽ മൂന്നു മാസത്തെ ഇടവേള ആറാഴ്ചയായി കുറക്കാനാണ് തീരുമാനം.
ഇതനുസരിച്ച് ആദ്യഡോസ് സ്വീകരിച്ച് രണ്ടാമത്തേതിന് കാത്തിരിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയം പുതിയ അപ്പോയിൻമെൻറ് സന്ദേശം അയച്ചുതുടങ്ങി. കൂടുതൽ ഡോസ് ആസ്ട്രസെനക വാക്സിൻ ലഭ്യമായതോടെയാണ് നേരത്തെ നൽകാൻ തീരുമാനിച്ചത്. പരമാവധി വേഗത്തിൽ ഭൂരിഭാഗം പേർക്കും രണ്ടു ഡോസ് വാക്സിൻ നൽകി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുകയെന്നതും അധികൃതർ ലക്ഷ്യമിടുന്നു.
ഇടവേള കുറക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം വിദഗ്ധാഭിപ്രായം തേടിയിരുന്നു. ഒന്നരമാസത്തെ ഇടവേളയിൽ രണ്ടു ഡോസ് നൽകുന്നത് കൊണ്ട് പ്രശ്നമില്ലെന്നാണ് കിട്ടിയ നിർദേശം. ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാമത്തേതിന് അപ്പോയിൻമെൻറ് തീയതി ലഭിച്ചവർ പുതിയ തീയതി അറിയാൻ മൊബൈൽ ഫോണിലെ ടെക്സ്റ്റ് മെസേജ് ശ്രദ്ധിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല