![](https://www.nrimalayalee.com/wp-content/uploads/2020/12/Kuwait-Covid-Vaccination-Registration-Kuwait-Health-Minister.jpg)
സ്വന്തം ലേഖകൻ: കുവൈറ്റില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം 80 ശതമാനത്തോടടുക്കുന്നു. 12 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 79 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 71 ശതമാനത്തിലേറെ പേര്‍ക്ക് രണ്ടാം ഡോസും ഇതിനകം നല്‍കിക്കഴിഞ്ഞതായി കുവൈറ്റ് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് പറഞ്ഞു. വാക്‌സിനേഷനിലെ പുരോഗതിയോടൊപ്പം പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചുപോകുന്നതിന്റെ ഒരു അടി മാത്രം അകലെയാണെന്നും അദ്ദേഹം അറിയിച്ചു. കാബിനറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വാക്‌സിനേഷന്‍ ക്യാംപയിനുമായി സഹകരിച്ച സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ആളുകളെയും മന്ത്രി അഭിനന്ദിച്ചു. ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ വ്യാപാര- വാണിജ്യ സ്ഥാപനങ്ങളെല്ലാം കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് ഉടന്‍ തന്നെ മാറും.
കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വിഭാഗത്തിന്റെ സേവനങ്ങളെ പ്രശംസിച്ച പ്രധാമന്ത്രി, വിദേശത്തു നിന്നെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി. അടുത്ത മാസത്തോടെ വാക്‌സിനേഷന്‍ 100 ശതമാനത്തിലെത്തിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. ഇതിന് വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ കൂടി ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ ഹോട്ടല്‍ ക്വാറന്റൈന്‍ ഏഴു ദിവസമാക്കി കുറയ്ക്കുമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബാക്കി ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാവും. അതേസമയം, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള മറ്റ് യാത്രാ നിബന്ധനകള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് ആരോഗ്യ മന്ത്രി ശെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് കാബിനറ്റിനെ ധരിപ്പിച്ചു. രാജ്യത്ത് ഇന്നലെ 63 പുതിയ കോവിഡ് കേസുകളും ഒരു കോവിഡ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 99.17 ശതമാനമാണ് രോഗമുക്തി നിരക്ക്. 932 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇവരില്‍ 20 പേര്‍ ഐസിയുവിലും 62 പേര്‍ കോവിഡ് വാര്‍ഡുകളിലുമാണ്.
കുവൈറ്റില്‍ പിസിആര്‍ പരിശോധനക്കായി ആരോഗ്യമന്ത്രാലയം കൂടുതല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഓരോ ഗവര്‍ണറേറ്റിലും ഓരോ കേന്ദ്രം വീതമാണ് അധികമായി സജ്ജീകരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശന വിലക്ക് നീങ്ങുകയും വിമാന സര്‍വീസുകള്‍ സജീവമാവുകയും ചെയ്ത സാഹചര്യത്തിലാണ് കോവിഡ് ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ കൂട്ടിയത്. ഇതോടൊപ്പം അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെയും വിദേശത്ത് പോകുന്ന സ്വദേശികളുടെയും എണ്ണം വര്‍ധിച്ചിട്ടുമുണ്ട്. ഇത് മൂലം കോവിഡ് പരിശോധന കേന്ദ്രങ്ങളില്‍ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്.
ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കാപിറ്റല്‍ ഗവര്‍ണേററ്റില്‍ ഹമദ് അല്‍ ഹുമൈദി ശുവൈഖിലെ ശൈഖ അല്‍ സിദ്‌റാവി ഹെല്‍ത്ത് സെന്റര്‍, ഹവല്ലിയിലെ സഹ്‌റ മെഡിക്കല്‍ സെന്റര്‍, ഫര്‍വാനിയ്യയിലെ ഇഷ്ബിലിയ മുതൈബ് ഉബൈദ് അല്‍ ശല്ലാഹി ക്ലിനിക്, അഹ്മദിയിലെ സബാഹ് അല്‍ അഹ്മദ് ഹെല്‍ത്ത് സെന്റര്‍, അല്‍ ഖുറൈന്‍ ഹെല്‍ത്ത് സെന്റര്‍, ജഹ്‌റയിലെ സഅദ് അല്‍ അബ്ദുല്ല ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് പിസിആര്‍ പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല