സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ നാലാം ഡോസ് നല്കാന് ഇപ്പോള്‍ പദ്ധതി ഇല്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് അറിയിച്ചു. മൂന്നു ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
രണ്ടു ഡോസ് വാക്സിന് പുറമെ ബൂസ്റ്റര്‍ ഡോസാണ് ആരോഗ്യമന്ത്രാലയത്തിന്റെ കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ ഇപ്പോള്‍ നല്കി വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് പര്യാപ്തമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യമന്ത്രാലയം. നാലാമത്തെ ഡോസ് നല്കാന് തല്ക്കാലം പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് പറഞ്ഞു.
കോവിഡ് വകഭേദങ്ങള്‍ തടയാന്‍ നാലാമത് ഡോസ് അനിവാര്യമാകുമെന്ന ഫൈസര്‍ കമ്പനി അധികൃതരുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുഴുവന്‍ ആളുകളും മൂന്ന് ഡോസ് വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡിനെ നിയന്ത്രണ വിധേയമാക്കുന്നതില്‍ വാക്സിന് നിര്‍ണായക പങ്കുവഹിച്ചതായും ഒരുവിധ സുരക്ഷാപിഴവുകളും രാജ്യത്ത് വാക്സിനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്താലാണ് കുത്തിവെപ്പ് പൂര്‍ത്തിയാക്കിയതായി പരിഗണിക്കുന്നത്. അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് രാജ്യത്ത് വാക്സിന് നല്കി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല