1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2022

സ്വന്തം ലേഖകൻ: അടിപിടി കേസുകളിലും അക്രമ സംഭവങ്ങളിലും സ്വഭാവ ദൂഷ്യങ്ങള്‍ക്കും പിടിക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ നാടുകടത്താനുള്ള നടപടികളുമായി കുവൈത്ത് ഭരണകൂടം. രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിക്കഴിഞ്ഞതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം കേസുകളില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താന്‍ മന്ത്രാലയത്തിന്റെയോ അണ്ടര്‍ സെക്രട്ടറിയുടെയോ അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ശരിയായ അന്വേഷണത്തിന് ശേഷം എടുക്കുന്ന ഈ നടപടി മനുഷ്യാവകാശ ലംഘനായി പരിഗണിക്കപ്പെടുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ ഹവാലി, മഹ്ബൂല, സല്‍മിയ്യ, അല്‍ റിഗ്ഗ തുടങ്ങിയ പ്രവിശ്യകളില്‍ പ്രവാസികള്‍ ഉള്‍പ്പെട്ട ഇത്തരം സംഘര്‍ഷങ്ങളും അടിപിടികളും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട കര്‍ശന നടപടികള്‍ക്ക് പിന്നിലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം കേസുകളില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീട് ഒരിക്കലും കുവൈത്തിലേക്ക് തിരികെ പ്രവേശിക്കാന്‍ കഴിയാത്ത വിധത്തിലുള്ള സമ്പൂര്‍ണ നിരോധനവും ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. എന്നു മാത്രമല്ല, നിലവില്‍ കേസുകളില്‍ പിടിക്കപ്പെട്ട് നാടുകടത്തലിന് വിധേയരാകുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഉദാഹരണത്തിന് നിലവില്‍ നാടുകടത്തപ്പെടുന്നവരുടെ യാത്രാ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ട് നാടുകടത്തലിന് വിധേയരാവുന്നവര്‍ യാത്രാ ചെലവ് സ്വന്തം നിലയ്ക്ക് വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, കാല്‍നട യാത്രക്കാര്‍ക്കുള്ള പെഡെസ്ട്രിയന്‍ പാലത്തിലൂടെ മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇങ്ങനെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് പിടിക്കപ്പെടുന്നവരെ നാടുകടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കാല്‍നട യാത്രക്കാര്‍ക്കുള്ള പാലങ്ങളിലൂടെ മോട്ടോര്‍ സൈക്കിളുകള്‍ ഓടിച്ച് യാത്രക്കാര്‍ അപകടത്തില്‍ പെടുന്ന സംഭവം വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം. നേരത്തേ പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വിലിച്ചെറിയുന്ന വിദേശകിളെ വിചാരണ കൂടാതെ നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യത്ത് നടക്കുന്ന ക്രമിനല്‍ പ്രവര്‍ത്തനങ്ങളിലും അക്രമ സംഭവങ്ങളിലും ഏറ്റവും കൂടുതല്‍ പിടിക്കപ്പെടുന്നത് താഴ്ന്ന വരുമാനക്കാരായ പ്രവാസികളാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ പ്രകാരമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാതെ അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍. അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും രാജ്യത്ത് പുരോഗമിക്കുകയാണ്. നിയമ വിരുദ്ധമായി കൈവശം വയ്ക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന പ്രവാസികളെയും നാടുകടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.