സ്വന്തം ലേഖകൻ: കുവൈത്തിലെ കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള റെക്കോഡ് നിരക്കാണ് കുവൈത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2246 ആണ് നിലവിലെ പ്രതിദിന കോവിഡ് നിരക്ക്. എന്നാല്‍, രാജ്യത്തെ പകര്‍ച്ചവ്യാധി നിരക്കില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ലോകത്തെല്ലായിടത്തുമുള്ള വ്യാപനത്തിന് ആനുപാതികമായി മാത്രമേ കുവൈത്തിലും രോഗം വ്യാപിക്കുന്നുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ഷോപ്പുകളിലും റസ്റ്ററന്റുകളിലും പ്രവേശിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. ഞായറാഴ്ച തൊട്ട് ഫെബ്രുവരി 28 വരെ നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് ചേർന്ന് കോവിഡ് പ്രതിരോധ സമിതി യോഗാനന്തരം മുനിസിപ്പാലിറ്റി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഫൈസൽ സാദിഖ് അറിയിച്ചതാണ് അക്കാര്യം.
മന്ത്രിസഭാ തീരുമാനം അനുസരിച്ച് ഹോട്ടലുകളിലും റസിഡൻഷ്യൽ മേഖലകളിലുമുള്ള ബാങ്ക്വിറ്റ് ഹാളുകൾ പ്രവർത്തിക്കാൻ പാടില്ല. ടെന്റുകളിൽ വിവാഹ പാർട്ടികളും അനുവദിക്കില്ല. സെമിത്തേരികളിൽ അനുശോചനം അറിയിക്കുന്നതിനുള്ള കൂടിച്ചേരലിനും വിലക്കുണ്ട്. മാസ്ക് ധാരണം, സാനിറ്റൈസർ ഉപയോഗം എന്നിവ നിർബന്ധമായും പാലിക്കണമെന്നും സമിതി അഭ്യർഥിച്ചു. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ കർശനമാക്കിയത്.
അതേസമയം കോവിഡ് വ്യാപനത്തിനെതിരെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള പ്രചാരണവുമായി മുനിസിപ്പൽ ഉദ്യോഗസ്ഥർ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി. സാൽമിയയിൽ സുരക്ഷാ ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ അലിയുടെ സാന്നിധ്യത്തിൽ മുഴുവൻ ഷോപ്പിങ് മാളുകളിലും ഷോപ്പുകളിലും പര്യടനം നടത്തി. സിറ്റിയിൽ മുബാറകിയയിലും മറ്റിടങ്ങളിലും ഉദ്യോഗസ്ഥർ സന്ദർശിച്ചു.
വാക്സിൻ എടുക്കാത്തവരെ പ്രവേശിപ്പിക്കരുതെന്നും ശരീരോഷ്മാവ് പരിശോധിക്കണമെന്നും മാസ്ക് ധാരണം ഉറപ്പാക്കണമെന്നും സാമൂഹിക അകലം ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ സ്ഥാപനം നടത്തിപ്പുക്കാർക്ക് നിർദേശം നൽകി. വാക്സിൻ എടുത്തതാണെന്ന് ഉറപ്പ് വരുത്താൻ ഇമ്യൂൺ അല്ലെങ്കിൽ കുവൈത്ത് മൊബൈൽ ഐഡി ആപ്പ് പരിശോധികണം. വാക്സിൻ എടുക്കാത്തവർക്ക് കോംപ്ലക്സിനകത്ത് പ്രവേശനം നൽകിയതായി തെളിഞ്ഞാൽ നിയമനടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല