സ്വന്തം ലേഖകൻ: വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടികൂടപ്പെട്ട് കുവൈത്തില്‍ നിന്ന് പ്രവേശന വിലക്കോടെ നാടുകടത്തലിന് വിധേയരായവര്‍ വീണ്ടും രാജ്യത്തേക്ക് തിരികെ എത്തുന്നത് തടയാന്‍ അധികൃതര്‍ നടപ്പിലാക്കിയ ഡീപോര്‍ട്ടീസ് ഡിറ്റക്ടര്‍ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായിതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇങ്ങനെ ഇതിനകം കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട 530 പേരെയാണ് രാജ്യത്തേക്ക് തിരികെയെത്താനുള്ള ശ്രമത്തിനിടെ സംവിധാനത്തിന്റെ സഹായത്തോടെ പിടികൂടിയത്.
വ്യാജ യാത്രാരേഖകള്‍ ചമച്ചാണ് ഇവര്‍ വീണ്ടും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിയ ആധുനിക സാങ്കേതിക വിദ്യാ സംവിധാനങ്ങളുമാണ് ഇത് തടയാന്‍ അധികൃതരെ സഹായിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
നേരത്തേ വ്യാജ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ചമച്ച് നാടുകടത്തപ്പെട്ടവര്‍ക്ക് വീണ്ടും രാജ്യത്തേക്ക് തിരികെ എത്തുക എളുപ്പമായിരുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് കണ്ടെത്തി തടയുന്നതിനായി അധികൃതര്‍ അവതരിപ്പിച്ച ‘ഡിപോര്‍ടീസ് ഡിറ്റക്ടര്‍’ സംവിധാനം പ്രാവര്‍ത്തികമായതോടെ വ്യാജ രേഖകളുമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തുക എളുപ്പമായി.
വിരലടയാളത്തിലൂടെ വ്യാജന്മാരെ തിരിച്ചറിയുന്ന സംവിധാനമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സഹായകമായത്. നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടു കടത്തപ്പെടുന്നവരുടെ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിലൂടെയാണ് ഇത് സാധ്യമായത്. ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്‍ തിരികെ എത്തുമ്പോള്‍ ബയോ മെട്രിക് വിവരങ്ങള്‍ വഴി എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുക, വ്യാജ യാത്രാരേഖകള്‍ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നത് തടയുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 2022-ല്‍ രാജ്യാന്തര വിമാനത്താവളം വഴി കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ വിജയകരമായി പിടികൂടാന്‍ അധികൃതര്‍ സാധിതായി ഉന്നത സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അറസ്റ്റിലായ 530 പേരില്‍ 120 സ്ത്രീകളും ഉള്‍പ്പെടുന്നു. രപുറത്താക്കപ്പെട്ട ശേഷം വ്യാജ രേഖകള്‍ ഉപയോഗിച്ച് വീണ്ടും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരില്‍ ഭൂരിഭാഗവും ഏഷ്യക്കാരാണെന്നും അധികൃതര്‍ വ്യക്തമാക്കി. അവരെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായും അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ ഡിപോര്‍ട്ടീസ് ഡിറ്റക്ടര്‍ സംവിധാനത്തെ മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കുവൈത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിനു കീഴിലുള്ള ‘ഐഡന്റിറ്റി ഇന്‍വെസ്റ്റിഗേഷന്‍’ വിഭാഗം ഗള്‍ഫ് ക്രിമിനല്‍ എവിഡന്‍സ് ടീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ സംവിധാനം നിലിവല്‍ വരുന്നതോടെ കുവൈത്തില്‍ നിന്ന് പ്രവേശന വിലക്കോടെ നാടുകടത്തപ്പെടുന്ന വിദേശികളുടെ ബയോമെട്രിക് വിവരങ്ങള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി പങ്കുവയ്ക്കാനും അവര്‍ മറ്റ് ജിസിസി രാജ്യങ്ങളില്‍ പ്രവേശിക്കുന്നത് തടയാനും സാധിക്കും. വിമാനത്താവളങ്ങള്‍ക്കു പുറമെ, കടല്‍, കര മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങളും പരിശോധിച്ച് നാടുകടത്തപ്പെട്ടവര്‍ വീണ്ടും എത്തുന്നത് തടയുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല