![](https://www.nrimalayalee.com/wp-content/uploads/2022/01/Kuwait-Deportation-Expats-Above-60.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രതിദിനം 50 പ്രവാസികളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ട്. 2021 കാലയളവില്‍ 18,221 പ്രവാസികളെയാണ് രാജ്യത്ത് നിന്നും നാടുകടത്തിയത്. ഓരോ മാസവും 1518 പ്രവാസികളെ നാടുകടത്തുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 11777 പുരുഷന്മാരെയും 7044 സ്ത്രീകളെയുമാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റസിഡന്‍സി പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞതാണ് ഇവരെ നാടുകടത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ, ദുര്‍നടപ്പിന്റെയും കുറ്റകൃത്യങ്ങളുടെയും പേരില്‍ നാടുകടത്തിയതുമുണ്ട്. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനും കഴിഞ്ഞ വര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ കര്‍ഫ്യു ലംഘിച്ചതിനും മറ്റു പലരെയും നാടുകടത്തി.
പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന താമസക്കാരെ നാടുകടത്താന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ തീരുമാനമെടുത്തിരുന്നു. രാജ്യത്തിന്റെ പൊതുതാത്പര്യത്തിനും സുരക്ഷയ്ക്കും ധാര്‍മ്മികതയ്ക്കും ഹാനികരമായി പെരുമാറുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് ആകെ 27 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ 16.2 % സ്വദേശികളാണ്. തൊഴില്‍ വിപണിയിലെ ആകെ തൊഴിലാളികളില്‍ 6 ലക്ഷത്തി 39000 പേര്‍ അതായത്, 22.8 % ഗാര്‍ഹിക മേഖലയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 23000 സ്വദേശികളാണ് പുതുതായി ജോലിയില്‍ പ്രവേശിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും സര്‍ക്കാര്‍ മേഖലകളിലാണ് ജോലി ചെയ്യുന്നത്. മാനവശേഷി സമിതിയുടെ സ്ഥിതി വിവരകണക്ക് ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. 2021 ജനുവരിയിലാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ബിരുദമില്ലാത്ത വയോജനങ്ങളുടെ വിസ പുതുക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തത്. എന്നാല്‍, ഈ തീരുമാനം മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ കമ്മിറ്റി പിന്നീട് റദ്ദാക്കിയെങ്കിലും വിസ പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനം അനന്തമായി നീണ്ടുപോവുകയായിരുന്നു.
വിസ പുതുക്കുന്നതിനുള്ള 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള 500 ദിനാറും ഉള്‍പ്പെടെ 1000 ദിനാര്‍ ഈടാക്കി വിസ പുതുക്കി നല്‍കാമെന്ന് മാന്‍പവര്‍ അതോറിറ്റി പിന്നീട് തീരുമാനിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമപരമായ അവ്യക്തതയാണ് തീരുമാനം നീളാന്‍ കാരണം. പുതുതായി ചുമതലയേറ്റ നിയമമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ഈ പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് കരുതപ്പെടുന്നത്.
60 കഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നത് നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാവുന്നത് വരെ അവര്‍ക്ക് രാജ്യത്തിന് തുടരുന്നതിന് താത്കാലിക റെസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കാന്‍ കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. മൂന്നു മാസത്തേക്കാണ് 60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കുക.
മൂന്നു മാസത്തിനകത്ത് പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും താത്കാലിക വിസ അനുവദിക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ താത്കാലിക വിസ അനുവദിക്കുന്ന രീതി തുടരാനാണ് അധികൃതരുടെ തീരുമാനം.
എന്നാല്‍, ഇങ്ങനെ ലഭിക്കുന്ന താത്കാലിക വിസയില്‍ രാജ്യത്തിന് പുറത്തു പോകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നിലവില്‍ പ്രായമായ പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ നിരസിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടാല്‍ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കാനാവൂ എന്നാണ് അധികൃതരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല