
സ്വന്തം ലേഖകൻ: ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷന്റെ സമീപകാല റിപ്പോർട്ടനുസരിച്ച് കുവൈത്തിലെ പ്രമേഹനിരക്ക് മുതിർന്നവരിൽ 25.5ൽ എത്തിയതായി കുവൈത്ത് ഡയബറ്റിസ് അസോസിയേഷൻ (കെ.ഡി.എ) മേധാവി ഡോ. വലീദ് അൽ ദാഹി വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇൻസുലിൻ കണ്ടുപിടിത്തത്തിന്റെ വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വാർത്തക്കുറിപ്പിൽ അൽദാഹി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി. പല ഘടകങ്ങളും ടൈപ്-2 പ്രമേഹത്തിന്റെ ഉയർന്ന നിരക്കിന് കാരണമാകുമെന്ന് ഡോ. വലീദ് അൽ ദാഹി പറഞ്ഞു.
ജനിതക ഘടകം, ജീവിതശൈലി എന്നിവയാണ് പ്രധാന കാരണം. പഞ്ചസാര ഉപയോഗം കുറക്കൽ, ഭക്ഷണക്രമീകരണം, പതിവ് വ്യായാമം എന്നിവയിലൂടെ പ്രമേഹം ഒഴിവാക്കാനാകുമെന്നും അദ്ദേഹം ഉണർത്തി. ആധുനിക ജീവിതശൈലി, ടാബ്ലെറ്റുകളിലും സ്മാർട്ട്ഫോണുകളിലും മണിക്കൂറുകൾ ചെലവഴിക്കൽ എന്നിവ പ്രമേഹബാധിതരായ കുട്ടികളുടെ എണ്ണം വർധിക്കാൻ കാരണമായതായും ഡോ. വലീദ് ചൂണ്ടിക്കാട്ടി.
പ്രമേഹത്തെക്കുറിച്ചുള്ള ബോധവത്കരണം, പ്രതിരോധപ്രവർത്തനങ്ങൾ, ശിൽപശാലകൾ എന്നിവ കുവൈത്ത് ഡയബറ്റിസ് അസോസിയേഷൻ നടത്തിവരുന്നു. കുവൈത്ത് മെഡിക്കൽ അസോസിയേഷന്റെ കീഴിൽ സ്ഥാപിതമായ കെ.ഡി.എയിൽ 31,000 പേർ അംഗങ്ങളാണ്. 170ലധികം രാജ്യങ്ങളിൽ വേരുകളുള്ള ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷനുമായി സഹകരിച്ചാണ് കെ.ഡി.എ പ്രവർത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല