സ്വന്തം ലേഖകൻ: ഡോക്ടറെ കാണാൻ ഇനി ഓൺലൈന്‍ ബുക്കിങ് വേണം എന്ന നിബന്ധനയുമായി എത്തിയിരിക്കുകയാണ് കുവെെറ്റ് ആരോഗ്യ മന്ത്രാലയം. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍മാരെ കാണുന്നതിന് വേണ്ടിയുള്ള അപ്പോയിന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുവെെറ്റ് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആണ് ഇക്കര്യം അറിയിച്ചത്.
ആരോഗ്യ സേവനങ്ങൾ പൂർണമായും ഓട്ടോമേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി ആണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ ‘കുവൈത്ത് ഹെൽത്ത് ക്യു-8’ ആപ്ലിക്കേഷൻ വഴിയോ രോഗികൾ ഡോക്ടറെ കാണാൻ വേണ്ടി ബുക്ക് ചെയ്യണം. ഇങ്ങനെ ബുക്ക് ചെയ്ത് പെർമിഷൻ വാങ്ങിയവർക്ക് മാത്രമേ ഡോക്ടറിനെ കാണാൻ അനുമതി ലഭിക്കുകയുള്ളു.
പുതിയ സംവിധാനം വരുന്നതിലൂടെ രോഗികള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാൻ സാധിക്കും. ഒരുപാട് സമയം കാത്തിരുന്ന് ഡോക്ടറെ കാണുന്ന രീതി മാറും. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ രോഗികൾക്ക് രജിസട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. അപേക്ഷയിൽ രോഗിയുടെ വിവരങ്ങളും ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകൾ നൽകണം. കോഓഡിനേഷൻ ടീം പിന്നീട് അപേക്ഷ അവലോകനം ചെയ്തു തീരുമാനം എടുക്കും. പിന്നീട് അപ്പോയിന്റ്മെന്റ് വിവരങ്ങൾ രോഗിയെ എസ്എംഎസായി അറിയിക്കും. അതിൽ പറഞ്ഞിരിക്കുന്ന സമയത്ത് ആശുപത്രിയിൽ ഡോക്ടറിനെ കാണാൻ വന്നാൽ മതിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല