സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആരോഗ്യമന്ത്രി ഡോ.ഖാലിദ് മഹാവിസ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും അവസരങ്ങളുണ്ടെങ്കിലും നഴ്സുമാരുടെ നേരിട്ടുള്ള നിയനത്തിന് ഏതാനും വർഷമായി ഇന്ത്യയിൽ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നില്ല.
നേരത്തെ നടന്ന റിക്രൂട്ട്മെന്റുകളിൽ ഏജൻസികളുമായി ബന്ധപ്പെട്ട് വിവാദവും നിയമനടപടികളായതാണ് കാരണം. സ്വകാര്യ ആശുപത്രികളിലേക്കുള്ള റിക്രൂട്ട്മെന്റ് മുടക്കമില്ലാതെ തുടരുന്നുണ്ട്. കരാർ കമ്പനികൾ മുഖേന റിക്രൂട്ട്മെന്റ് മുടക്കമില്ലെങ്കിലും അത്തരം റിക്രൂട്ട്മെന്റിന് ഇന്ത്യൻ എംബസി അംഗീകാരം നൽകുന്നില്ല. മന്ത്രാലയത്തിൽ നിന്ന് അനുവദിക്കുന്ന ശമ്പളത്തിന്റെ പകുതിയും കരാർ കമ്പനികൾ പിടുങ്ങുന്ന അവസ്ഥ അംഗീകരിക്കാൻ ആകില്ലെന്നതാണ് അംഗീകാരം നൽകാത്തതിന്റെ കാരണം.
ഇന്ത്യയിൽ നിന്ന് റിക്രൂട്ട്മെന്റ് നടക്കില്ലെന്നതിനാൽ ചില കരാർ കമ്പനികൾ നഴ്സുമാരെ സന്ദർശക വീസയിൽ കുവൈത്തിൽ എത്തിച്ച് കരാർ ജോലി നൽകുന്ന പ്രവണതയുണ്ട്. കരാർ കമ്പനി വഴി കുവൈത്തിൽ ജോലി ചെയ്യുന്ന നാനൂറോളം നഴ്സുമാർക്ക് തൊഴിൽ നഷ്ടപ്പെട്ട സംഭവവും ചർച്ചാ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, കോവിഡ് പ്രതിരോധ നടപടികൾ, കോവാക്സീൻ എടുത്തവർക്ക് കുവൈത്തിൽ പ്രവേശനം സാധ്യമാക്കൽ തുടങ്ങിയ കാര്യങ്ങളും സ്ഥാനപതിയും ആരോഗ്യമന്ത്രിയും ചർച്ച ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല