1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ നാലിലൊരു വിഭാഗം ഗാര്‍ഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരമാണിത്. 2022ന്റെ രണ്ടാം പാദത്തില്‍ 6.55 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ് കുവൈത്തിലുള്ളതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. 2021ന്റെ രണ്ടാം പാദത്തില്‍ 6.39 ലക്ഷമായിരുന്നു ഇത്.

ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ സ്ത്രീ പുരുഷ അനുപാതം ഏറെക്കുറെ തുല്യമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 3.39 ലക്ഷം വനിതകളാണ് കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്നത്. അതേസമയം, 3.15 ലക്ഷം പേരാണ് പുരുഷന്‍മാര്‍. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരില്‍ കൂടുതലും പുരുഷന്‍മാരാണ്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 2.1 ലക്ഷം ഇന്ത്യക്കാരുണ്ടായിരുന്ന സ്ഥാനത്താണിത്.

അതേസമയം, വനിതാ വീട്ടുജോലിക്കാരില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ് കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 1.61 ലക്ഷമാണ് ഫിലിപ്പിനോ ഗാര്‍ഹികത്തൊഴിലാളികളായ വനിതകള്‍. 2021ല്‍ ഇതേസമയത്ത് 1.37 ലക്ഷമായിരുന്നു ഇവരുടെ ജനസംഖ്യ. എന്നാല്‍ സ്ത്രീകളുടെ പുരുഷന്‍മാരും ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരാണ് മുന്‍പില്‍. വീട്ടുജോലിക്കാരില്‍ 46.2 ശതമാനമാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. 24.7 ശതമാനവുമായി ഫിലിപ്പിനോകളാണ് രണ്ടാം സ്ഥാനത്ത്.

ആകെ 10 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്നത്. ഇവരില്‍ ഇന്ത്യയ്ക്കും ഫിലിപ്പീന്‍സിനും പുറമെ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഗാര്‍ഹിക തൊഴിലാളികളില്‍ 95.1 ശതമാനം പേരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബാക്കി 4.9 ശതമാനം പേരാണ് മറ്റ് ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ഇവയില്‍ മൂന്ന് രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ്. എത്യോപ്യയില്‍ നിന്നുള്ളവര്‍ 1.5 ശതമാനവും ബെനിനില്‍ നിന്നുള്ളവര്‍ 0.4 ശതമാനവും സുദാനില്‍ നിന്നുള്ളവര്‍ 0.2 ശതമാനവും മാത്രമാണ്.

കുവൈത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്ന് വിദേശികളെ പരമാവധി ഒഴിവാക്കണമെന്ന ആവശ്യം പൊതുവെ ശക്തമാണ്. ഇതിന്റെ ഭാഗമായി സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്ത് പ്രവാസികളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ ഫാമിലി വിസിറ്റ് വീസ ഉള്‍പ്പെടെയുള്ളവയ്ക്ക് താല്‍ക്കാലികമായി ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ സന്തുലിതത്വം കാത്തുസൂക്ഷിക്കുന്നതിനായി ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതലായി പ്രവേശനം നല്‍കേണ്ടതില്ലെന്ന തീരുമാനവും അധികൃതര്‍ കൈക്കൊണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.