![](https://www.nrimalayalee.com/wp-content/uploads/2020/01/Domestic-Workers-New-Law-Kuwait-Manpower-Authority.jpg)
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾ ആറുമാസത്തിലധികം കുവൈത്തിന് പുറത്തായാൽ ഇഖാമ റദ്ദാകുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മാനുഷിക പരിഗണന വെച്ച് നൽകിയ ഇളവാണ് അധികൃതർ അവസാനിപ്പിക്കുന്നത്. 2021 ഡിസംബർ ഒന്നുമുതലാണ് ആറുമാസ കാലയളവ് കണക്കാക്കുക.
യാത്രാ നിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ് പ്രത്യേക ഇളവ് അവസാനിപ്പിക്കുന്നത്. അതേസമയം, ആറുമാസത്തിലേറെ കാലം ഗാർഹിക തൊഴിലാളികൾ കുവൈത്തിന് പുറത്തുനിൽക്കേണ്ട അനിവാര്യ സന്ദർഭങ്ങളിൽ സ്വദേശി സ്പോൺസർമാർ പ്രത്യേക അപേക്ഷ നൽകണം. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് ഇതിൽ തീരുമാനമെടുക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
ആറുമാസ കാലയളവിന് മുമ്പായി തന്നെ ഈ അപേക്ഷ നൽകേണ്ടതുണ്ട്. അതേസമയം, സ്വകാര്യ തൊഴിൽ വിസയിൽ ഉൾപ്പെടെയുള്ളവർക്ക് സാധുവായ ഇഖാമ ഉള്ളിടത്തോളം കാലം പ്രവാസികൾക്ക് കുവൈത്തിലേക്ക് വരാൻ കഴിയും. വിദേശത്തിരുന്ന് ഓൺലൈനായി ഇഖാമ പുതുക്കാവുന്ന സംവിധാനം മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം നവംബർ അവസാനം അറിയിച്ചിരുന്നു.
പാസ്പോർട്ട് കാലാവധിയുണ്ടെങ്കിൽ തൊഴിലാളി വിദേശത്താണെങ്കിലും സ്പോൺസർക്കോ മൻദൂബിനോ ഓൺലൈനായി ഇഖാമ പുതുക്കാം. ഇതുവരെയുള്ള അറിയിപ്പ് പ്രകാരം ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ളവർക്ക് ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാലും ഇഖാമ കാലാവധിയുണ്ടെങ്കിൽ കുവൈത്തിലേക്ക് വരാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല