![](https://www.nrimalayalee.com/wp-content/uploads/2020/09/Bahrain-Domestic-Workers-Recruitment-Covid-19.png)
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴില്‍മേഖല നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി, ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കി തൊഴിലാളികളെ ദേശീയ തൊഴില്‍ നിയമത്തില്‍ ആര്‍ട്ടിക്കിള്‍ 18 ന് കീഴില്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും(പിഎഎം) സംയുക്തമായി നടത്തിയ യോഗത്തല്‍ ചര്‍ച്ച ചെയ്തു.
ഈ നടപടിയിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുമെന്നും അവരുടെ ജോലി സമയം 8 മണിക്കൂറാക്കി പരിമിതപ്പെടുത്തി, സ്പോണ്‍സര്‍മാര്‍ ജീവനക്കാരെ വിശ്രമമില്ലാതെ 12 മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിക്കുന്നതും മറ്റു തൊഴില്‍ ചൂഷണങ്ങളും തടയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഈ മാറ്റം നടപ്പിലാകുന്നതോടെ, ഗാര്‍ഹിക തൊഴിലാളികളുടെ പ്രതിമാസ ശമ്പളം നേരിട്ട് സ്‌പോണ്‍സറുടെ ഉത്തരവാദിത്വത്തിലുള്ള തൊഴിലാളിയുടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ നിക്ഷേപിക്കാനും തൊഴിലുടമകള്‍ നിര്‍ബന്ധിതരാവും. കൂടാതെ, പൊതു അവധി ദിവസങ്ങളും മറ്റു തൊഴിലവധികളും നിയമപരമായി തന്നെ തൊഴിലാളികള്‍ക്ക് ലഭിക്കും.
ഗാര്‍ഹിക തൊഴിലാളികളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കാനും പരാതികള്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും ജുഡീഷ്യറിയെ ഇത് സഹായിക്കും. മാത്രമല്ല, ബന്ധപ്പെട്ട രാജ്യങ്ങളിലെ എംബസികളുമായി ഏകോപിപ്പിച്ച് തൊഴില്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഈ നടപടികള്‍ സഹായിക്കുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ വിപണിയിലെ അടിസ്ഥാന ഭേദഗതികളുടെ പശ്ചാത്തലത്തില്‍, മിനിമം വേതനം 75 ല്‍ നിന്ന് 100 ദിനാറാക്കി ഉയര്‍ത്തുന്നതിനുള്ള സാധ്യതകളും യോഗം വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല