![](https://www.nrimalayalee.com/wp-content/uploads/2020/09/Bahrain-Domestic-Workers-Recruitment-Covid-19.png)
സ്വന്തം ലേഖകൻ: കുവൈത്തിലെ വീട്ടു ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന നിയമ ഭേദഗതിയുമായി തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് മാന്‍പവര്‍ അതോറിറ്റി. അവര്‍ ആഴ്ചയില്‍ ഒരു ദിവസവും വര്‍ഷത്തിലും ഒരു മാസവും അവധി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് നിയമ ഭേദഗതി. വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട 2015ലെ അറുപത്തി എട്ടാം നമ്പര്‍ നിയമത്തിലാണ് നീതിന്യായ മന്ത്രി ജമാല്‍ അല്‍ ജലാവി പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്.
വീട്ടു ജോലിക്കാരുടെ മിനിമം വേതനം 75 ദിനാര്‍ അഥവാ 18,700 രൂപയായിരിക്കുമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഇതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ വീട്ടുവോലക്കാരെ ജോലിക്ക് നിര്‍ത്താന്‍ പാടില്ല. അതേസമയം, ജോലിക്കാരുടെ ഭക്ഷണം, വസ്ത്രം എന്നിവയ്ക്കും ചികിത്സകള്‍ക്കുമുള്ള ചെലവുകള്‍ സ്പോണ്‍സര്‍ വഹിക്കണം. അതിനായി വരുന്ന ചെലവുകള്‍ വീട്ടുവേലക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറവ് വരുത്താന്‍ പാടില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതരുമായി ഇന്ത്യ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് 100 ദിനാറിനും 120 ദിനാറിനും ഇടയില്‍ ശമ്പളം ലഭിക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസര്‍ സിബി ജോര്‍ജ് അറിയിച്ചു. 25,000 രൂപ മുതല്‍ 30,000 രൂപ വരെ വരുമിത്. ജീവനക്കാര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ന്യായമായ തുകയാണിതെന്നും അദ്ദേഹം
പ്രാദേശിക ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈറ്റും തമ്മില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിന്റെ കാര്യത്തിലുള്ള ഈ വര്‍ധനവ്. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഈടാക്കുന്ന ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കൃത്യ സമയത്ത് തന്നെ മാസ ശമ്പളം വീട്ടുജോലിക്കാരന്റെ അക്കൗണ്ടിലേക്ക് നല്‍കണമെന്നും പുതിയ നിയമം അനുശാസിക്കുന്നുണ്ട്. മാസ ശമ്പളം ആദ്യ ആഴ്ചയില്‍ തന്നെ നല്‍കിയില്ലെങ്കില്‍ 10 ദിനാര്‍ അഥവാ 2500 രൂപ പിഴയായി നല്‍കണം. 11 മാസം ജോലി ചെയ്താല്‍ 30 ദിവസത്തില്‍ കുറയാത്ത ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി അനുവദിക്കണം. ആറു ദിവസം ജോലി ചെയ്താല്‍ 24 മണിക്കൂര്‍ ശമ്പളത്തോടെയുള്ള വിശ്രമം അനുവദിക്കണം. ഒരു ദിവസം രണ്ടര മണിക്കൂറില്‍ കൂടുതല്‍ സമയം ഓവര്‍ ടൈം ജോലി എടുപ്പിക്കരുതെന്നും പുതിയ വ്യവസ്ഥകളില്‍ പറയുന്നു.
സ്പോണ്‍സറുടെ ഭാഗത്തു നിന്നോ വീട്ടിലെ മറ്റ് താമസക്കാരില്‍ നിന്നോ ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമ ശ്രമങ്ങളുണ്ടായാല്‍ സ്പോണ്‍സറെ മാറ്റാന്‍ പുതിയ നിയമം അനുവാദം നല്‍കുന്നുണ്ട്. അതോടൊപ്പം സ്പോണ്‍സര്‍ മരണം, സ്പോണ്‍സര്‍ ആവാനുള്ള യോഗ്യത നഷ്ടപ്പെടല്‍ തുടങ്ങിയ കാരണങ്ങളാലും സ്പോണ്‍സറെ മാറ്റാം. സ്പോണ്‍സര്‍ക്കെതിരേ അധികൃതരില്‍ പരാതി നല്‍കിയ ശേഷം ജീവനക്കാരന്‍ ജോലിക്ക് ഹാജരാവുന്നില്ലെന്ന് കാണിച്ച് അബ്സ്‌കോണ്ടിംഗ് റിപ്പോര്‍ട്ട് നല്‍കുന്നതിന് സ്പോണ്‍സര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുന്നതാണ് പുതിയ ഭേദഗതി. പകരം തൊഴിലാളിയെ പ്രവാസികള്‍ക്കുള്ള താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിയമം അനുശാസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല