സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ മിനിമം വേതനം ഉയർത്താൻ മാൻപവർ അതോറിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കാൻ ശമ്പള പരിധി ഉയർത്തൽ അനിവാര്യമാണെന്ന് വിലയിരുത്തൽ അധികൃതർക്കുണ്ട്. നിലവിൽ 60 ദീനാറാണ് മിനിമം വേതനം.
ഈ ശമ്പളത്തിൽ ജോലിചെയ്യുന്ന നിരവധി തൊഴിലാളികൾ രാജ്യത്തുണ്ട്. മിനിമം വേതനം 75 ദീനാർ എങ്കിലും ആയി ഉയർത്തണമെന്നാണ് അധികൃതർ ആലോചിക്കുന്നത്. വിവിധ രാജ്യങ്ങൾ പ്രത്യേകം ധാരണ രൂപപ്പെടുത്തി സ്വന്തം പൗരന്മാർക്ക് താരതമ്യേന മെച്ചപ്പെട്ട ശമ്പളം ഉറപ്പുവരുത്തിയിട്ടുമുണ്ട്. ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പുവെച്ച റിക്രൂട്ട്മെൻറ് ധാരണപത്രം അനുസരിച്ച് ഇന്ത്യൻ പുരുഷ ഗാർഹികത്തൊഴിലാളികളുടെ മിനിമം വേതനം 100 ദീനാറായും വനിതകളുടേത് 110 ദീനാറായും നിശ്ചയിച്ചിട്ടുണ്ട്.
രാജ്യത്ത് ഗാർഹികത്തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കുവൈത്തിൽനിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്ഥിരമായി തിരിച്ചുപോയത് 1,40,000ത്തിലേറെ ഗാർഹികത്തൊഴിലാളികളാണ്. 2019, 2020, 2021 വർഷങ്ങളിലെ കണക്കാണിത്.
ഗാർഹികത്തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ പുതിയ രാജ്യങ്ങളിൽനിന്ന് റിക്രൂട്ടിങ് ഊർജിതമാക്കണമെന്ന നിലപാടിലാണ് അധികൃതർ. ഇതനുസരിച്ച് കഴിഞ്ഞദിവസം മാൻപവർ പബ്ലിക് അതോറിറ്റി ചില രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല