സ്വന്തം ലേഖകൻ: ഫിലിപ്പീന്‍സില്‍ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസുഫ് അല്‍ സബാഹ് ഫിലിപ്പൈന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്സ് അണ്ടര്‍സെക്രട്ടറി ബെര്‍ണാഡ് ഒലാലിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
‘എക്സ്’ അക്കൗണ്ടിലെ ഔദ്യോഗിക പ്രസ്താവനയില്‍, ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു. കുവൈറ്റിന്റെ റിക്രൂട്ട്മെന്റ് നിരോധനം നീക്കാന്‍ കുവൈത്തും ഫിലിപ്പീന്‍സും സമ്മതിച്ചതായും ഫിലിപ്പിനോകള്‍ക്ക് എന്‍ട്രി, വര്‍ക്ക് വിസകള്‍ അനുവദിക്കാൻ തീരുമാനിച്ചതായും പ്രസ്താവനയിൽ അറിയിച്ചു.
കുവൈറ്റ് ഫിലിപ്പിനോകൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുക, ഫിലിപ്പിനോകള്‍ക്ക് എല്ലാ എന്‍ട്രി, വര്‍ക്ക് വിസകളും അനുവദിക്കുക, മുമ്പ് വിദേശത്ത് ജോലി ചെയ്തിരുന്ന ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുക, ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികൾ ഉൾപ്പെട്ട ഒരു സംയുക്ത സാങ്കേതിക പ്രവര്‍ത്തന സമിതി രൂപീകരിക്കുക എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനം.
ഭാവിയില്‍ ഉയര്‍ന്നുവന്നേക്കാവുന്ന തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും മറ്റ് ആശങ്കകളും പരിഹരിക്കുന്നതിന് ഈ കമ്മിറ്റി ഇടയ്ക്കിടെ യോഗം ചേരാനും തീരുമാനിച്ചു. 2018-ല്‍ ഇരു സര്‍ക്കാരുകളും ഒപ്പുവെച്ച ഗാര്‍ഹിക തൊഴിലാളി തൊഴില്‍ കരാർ തുടരാനും യോഗത്തിൽ തീരുമാനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല