![](https://www.nrimalayalee.com/wp-content/uploads/2020/09/Bahrain-Domestic-Workers-Recruitment-Covid-19.png)
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് വീട്ടുവേലക്കാരെ കുവൈറ്റിലേക്ക് കൊണ്ടുവരാന്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വന്‍ തുക ഈടാക്കുന്നതായി പരാതി. 900 കുവൈറ്റ് ദിനാറാണ് (ഏകദേശം 2.2 ലക്ഷത്തിലേറെ രൂപ) നിലവില്‍ ഈടാക്കുന്നത്. ഇത് കുറയ്ക്കാന്‍ പബ്ലിക് അതോറിറ്റ് ഫോര്‍ മാന്‍പവറുമായി ബന്ധപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അറിയിച്ചു.
നിലവില്‍ ഭീമമായ തുകയാണ് ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് ഈടാക്കുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ശരാശരി 100 ദിനാര്‍ അഥവാ 30,000 രൂപ മാത്രമേ ഇന്ത്യയില്‍ നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ ചെലവ് വരുന്നുള്ളൂ. ബാക്കി തുക എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. കുവൈറ്റ് പൗരന്‍മാര്‍ ഇത്ര വലിയ തുക ഫീസായി അടക്കേണ്ടിവരുന്നത് ശരിയല്ല. ഇത് ഗണ്യമായി കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫീസ് കുറയ്ക്കുന്ന കാര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ ഉടന്‍ തന്നെ തീരുമാനം എടുക്കണം. ഇന്ത്യയും കുവൈറ്റും തമ്മില്‍ തൊഴിലാളി കൈമാറ്റവുമായി ബന്ധപ്പെട്ട കരാര്‍ നിലവിലുണ്ടെന്നും കരാര്‍ പ്രകാരം റിക്രൂട്ട്‌മെന്റ് തുക കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത ഫീസ് ഈടാക്കുന്ന ഏജന്‍സികളുടെ ലൈസന്‍സ് കാന്‍സല്‍ ചെയ്യുന്നത് അടക്കമുള്ള നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വിസിന് അനുമതി നല്‍കി കുവൈറ്റ് അധികൃതരുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു. മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഇന്ത്യക്കാര്‍ക്ക് കുവൈറ്റിന്‍റെ ഈ തീരുമാനം വലിയ അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല