![](https://www.nrimalayalee.com/wp-content/uploads/2020/09/Bahrain-Domestic-Workers-Recruitment-Covid-19.png)
സ്വന്തം ലേഖകൻ: നോർക്കയുടെ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് ഗാർഹിക തൊഴിലാളികളുടെ ശമ്പള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. നിലവിൽ അതിന് സൗകര്യം ഇല്ലാത്തതിനാൽ ഈ വിഭാഗത്തിൽപ്പെട്ടവരുടെ പ്രയാസം ശ്രദ്ധയിൽപ്പെടുത്തിയതിന് ഓപ്പൺ ഹൗസിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശമ്പളം സംബന്ധിച്ച് ജസ്റ്റിസ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സ്പോൺസർ നൽകുന്ന സർട്ടിഫിക്കറ്റ് വിദേശമന്ത്രാലയത്തിന്റെ അംഗീകാരത്തിന് അനുസൃതമായി അറ്റസ്റ്റ് ചെയ്തു നൽകാൻ എംബസി നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. പാസ്പോർട്ട് പുതുക്കുന്നതിന് അപേക്ഷിക്കാൻ കാലാവധി തീരുന്നതുവരെ കാത്തിരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സ്ഥാനപതി പറഞ്ഞു.
ചുരുങ്ങിയത് 3 മാസം മുൻപെങ്കിലും അപേക്ഷിക്കണം. പാസ്പോർട്ട് നൽകുന്നതിന് പൊലീസിന്റെ പ്രീ-വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പല കാരണങ്ങളാലും അത് ലഭിക്കുന്നതിന് കാലതാമസം അനുഭവപ്പെടാറുണ്ട്. അത് കൂടി കണക്കിലെടുത്ത് മുൻകൂട്ടി അപേക്ഷിക്കണം. പൊലീസ് വെരിഫിക്കേഷൻ ഹറാസ്മെന്റ് ആയി കരുതരുത്. പാസ്പോർട്ടിനുള്ള അപേക്ഷയിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ കൃത്യമായി നൽകാനും ശ്രദ്ധിക്കണമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല