സ്വന്തം ലേഖകൻ: ലൈസന്‍സ് യഥാസമയം പുതുക്കാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കുവൈത്തില്‍ പ്രവാസികളെ പിഴ ശിക്ഷയ്ക്ക് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലൈസന്‍സ് ഇല്ലാതെയും യഥാസമയം പുതുക്കാതെയും വാഹനമോടിച്ചാല്‍ ഇതേ ശിക്ഷാനടപടി സ്വീകരിക്കും. കാലഹരണപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ വിദേശികളെ പിഴ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
‘മൈ ഐഡന്റിറ്റി’ അല്ലെങ്കില്‍ ‘സഹേല്‍’ എന്ന സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി പ്രവാസികള്‍ തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിക്കാന്‍ ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എല്ലാ പ്രവാസികള്‍ക്കും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനെ കുറിച്ച് അറിയണമെന്നില്ല. കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉണ്ടെന്നു കരുതി നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകളില്‍ നിന്ന് അവരെ ഒഴിവാക്കില്ലെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സഹേല്‍ ആപ്ലിക്കേഷന്‍ വഴിയോ ഇലക്ട്രോണിക് ആയി ലൈസന്‍സ് പുതുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. 2023 ഡിസംബറിലാണ് രാജ്യത്ത് പ്രവാസികള്‍ക്കായി ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിലവില്‍വന്നത്.
2023ല്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 145 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയിരുന്നു. താമസ നിയമം, തൊഴില്‍ നിയമം, പൊതുധാര്‍മിക നിയമം എന്നിവ ലംഘിക്കുന്ന വിദേശികള്‍ക്കൊപ്പം ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തിയവരേയും തിരിച്ചയക്കുകയായിരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനു പുറമേ മനപൂര്‍വം ചുവപ്പ് സിഗ്നല്‍ മറികടക്കല്‍, മനപൂര്‍വം അപകടം വരുത്തിവയ്ക്കല്‍, അപകടമുണ്ടായാല്‍ വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍ പെടുന്നു.
രാജ്യംവിടുന്ന പ്രവാസികളില്‍ നിന്ന് ട്രാഫിക് പിഴകള്‍, വൈദ്യുതി ബില്‍ തുക, വാട്ടര്‍ അതോറിറ്റി ബില്‍ എന്നിവ ഈടാക്കാന്‍ കുവൈത്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്് നിയമം കര്‍ശനമാക്കിയിരുന്നു. പ്രവാസികള്‍ അവധിക്ക് നാട്ടില്‍ പോകുന്നതിന് മുമ്പ് കുടിശിക തീര്‍ക്കണമെന്നാണ് നിയമം. നേരത്തേ ഫൈനല്‍ എക്സിറ്റില്‍ പോകുന്നവര്‍ക്ക് മാത്രമാണ് കുടിശ്ശിക തീര്‍ക്കല്‍ നിര്‍ബന്ധമായിരുന്നത്.
ഇപ്പോള്‍ റീ എന്‍ട്രി വീസയില്‍ ഉള്‍പ്പെടെ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ കുടിശിക തീര്‍ക്കല്‍ നിര്‍ബന്ധമാണ്. കുടിശിക ഉള്ളവര്‍ക്ക് വിദേശയാത്രാ അനുമതി ലഭിക്കില്ല. അവധിക്ക് പോയി തിരിച്ചെത്താത്തവരില്‍ നിന്ന് കുടിശിക ഈടാക്കാന്‍ കഴിയാത്തതിനാല്‍ തുക നഷ്ടമാവുന്നത് ഒഴിവാക്കാനാണ് ഈ നിയമം കൊണ്ടുവന്നത്. അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികളും ഇതോടൊപ്പം ശക്തമായി തുടരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല