1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2022

സ്വന്തം ലേഖകൻ: കോവിഡുമായി ബന്ധപ്പെട്ട പുതിയ യാത്രാ നിയന്ത്രണങ്ങള്‍ക്കും ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കി. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകളുടെ യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതും, ചില രാജ്യങ്ങളിലേക്കുണ്ടായിരുന്ന യാത്ര വിലക്ക് ഒഴിവാക്കുന്നതും ദേശീയ അസംബ്ലിയുടെ ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നു.

കൂടാതെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരെ പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തവരായി അംഗീകരിക്കും. അതോടൊപ്പം വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളെയും വാക്‌സിനേഷന്‍ എടുത്ത കുട്ടികളെയും തുല്യമായി പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്.

72 മണിക്കൂറിനുള്ളില്‍ രാജ്യത്ത് വന്നെത്തി മടങ്ങുന്നവര്‍ക്ക് അതേ പി സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ – ഡി ജി സി എ അറിയിച്ചു. എന്നാല്‍ 72 മണിക്കൂര്‍ സമയ പരിധി നിര്‍ബന്ധമാണ്.

കൂടാതെ, കോവിഡ്-19 വാക്സിനുകള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി നിഷ്പക്ഷ സാമൂഹിക, നിയമ, വിദ്യാഭ്യാസ, സാമ്പത്തിക നിരീക്ഷണ സമിതി രൂപീകരിക്കുന്നതിനും ദേശീയ അസംബ്ലി തീരുമാനിച്ചു.

അതിനിടെ കുവൈത്തിലേക്കുള്ള യാത്രാ ടിക്കറ്റിന് ഡിമാന്‍ഡ് ഏറുന്നു. രാജ്യത്ത് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്രാ ടിക്കറ്റിന് ഡിമാന്‍ഡ് കൂടുന്നത്. സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, അല്‍ ഇസ്രാ വല്‍ മിറാജ് എന്നിവ പ്രമാണിച്ചാണ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ അവധി അനുവദിച്ചത്.

കൂടാതെ, ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 5 വരെ സ്‌കൂളുകളുടെ മധ്യവര്‍ഷ അവധി നീട്ടിയതും യാത്രയ്ക്കായുള്ള ഡിമാന്‍ഡും എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വിപണിയില്‍ ടിക്കറ്റുകളുടെ ആവശ്യം ഉയരാന്‍ കാരണമായതായി ട്രാവല്‍ ആന്റ് ടൂറിസം വ്യവസായ ശ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കെയ്‌റോ, തുര്‍ക്കി, ദുബായ് എന്നിവിടങ്ങളിലേക്ക് പറക്കാനാണ് കുവൈത്തിലെ അധ്യാപകര്‍ക്ക് ഏറെ ഇഷ്ടം.

ട്രാവല്‍ ഏജന്‍സികള്‍ക്ക് അവരുടെ റിസര്‍വേഷന്‍ ഭേദഗതി ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് യാത്രക്കാരില്‍ നിന്ന് നിരവധി കോളുകളാണ് ലഭിച്ചത്. ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നില്ലെങ്കിലും ലഭ്യമായ ടിക്കറ്റുകളുടെ എണ്ണം വളരെ പരിമിതമാണ്. ഇത് തിരികെ വരാനുള്ള ടിക്കറ്റുകളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നു. മാര്‍ച്ച് 3, 4, 5 തീയതികളില്‍ കെയ്‌റോ പോലുള്ള ചില സ്ഥലങ്ങളിലേക്കുള്ള മടക്ക ടിക്കറ്റുകളുടെ നിരക്ക് ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഉറവിടങ്ങള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.