സ്വന്തം ലേഖകൻ: ഈജിപ്തില്‍ പ്രവേശിക്കുന്ന കുവൈത്ത് പൗരന്‍മാരില്‍ നിന്ന് 30 ഡോളര്‍ ഫീസ് ഈടാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ അതേനാണയത്തില്‍ തിരിച്ചടിച്ച് കുവൈത്ത് അധികൃതര്‍. ഈജീപ്തുകാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കണമെങ്കില്‍ വീസ ഫീസിന് പുറമെ, 30 ഡോളറിന് സമാനമായ ഒന്‍പത് കുവൈത്ത് ദിനാര്‍ നല്‍കണമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിബന്ധന വച്ചിരിക്കുന്നത്.
കുവൈത്ത് പൗരന്‍മാര്‍ക്ക് ഈജിപ്തില്‍ പ്രവേശിക്കാന്‍ പ്രത്യേക ഫീസ് ഈടാക്കിയ നടപടി നേരത്തേ വലിയ രീതിയില്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈജിപ്തുകാരില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനവുമായി കുവൈറ്റും രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് എയര്‍പോര്‍ട്ടിലും കരാതിര്‍ത്തി പോസ്റ്റുകളിലും പോര്‍ട്ടുകൡും മറ്റും സേവനമനുഷ്ഠിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുവൈത്തിലേക്ക് പ്രവേശനാനുമതി തേടുന്ന ഈജിപ്തുകാരില്‍ നിന്ന് ഒമ്പതു കുവൈത്ത് ദീനാര്‍ തോതില്‍ ഈടാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, കുവൈത്തില്‍ റെസിഡന്‍സി പെര്‍മിറ്റുള്ള ഈജിപ്ത് പ്രവാസികളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, തീരുമാനത്തിന് അനുകൂലമായും പ്രതികൂലമായും സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ രംഗത്തെത്തി. ഈജിപ്തില്‍ പ്രവേശിക്കുന്നവര്‍ക്ക് നേരത്തെ ബാധകമാക്കിയ ഫീസ് കുവൈത്ത് പൗരന്‍മാര്‍ക്കു മാത്രമായിരുന്നില്ലെന്നും അത് എല്ലാ അറബ് പൗരന്‍മാര്‍ക്കുമായി നടപ്പിലാക്കിയതാണെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. അതിനാല്‍ ഈജിപ്തുകാരെ മാത്രം ലക്ഷ്യമിട്ടുള്ള കുവൈത്തിന്റെ നടപടി ശരിയല്ലെന്നും ഇവര്‍ വാദിക്കുന്നു.
എന്നാല്‍ കുവൈത്ത് പൗരന്‍മാര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തി. ഈജിപ്ഷ്യന്‍ അധികൃതര്‍ സ്വീകരിച്ച നടപടിയെ അതേ നാണയത്തില്‍ നേരിടുകയാണ് കുവൈത്ത് ചെയ്തതെന്നും അതില്‍ തെറ്റില്ലെന്നുമാണ് ഇവരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല