1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ എഞ്ചിനീയര്‍മാരുടെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് അധികൃതര്‍. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുകള്‍ അനുവദിക്കില്ല. പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ മുതല്‍ പതിറ്റാണ്ടുകളായി കുവൈത്തില്‍ ജോലി ചെയ്യുന്നവര്‍ വരെയുള്ള മുഴുവന്‍ എഞ്ചിനീയര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് പരിശോധന ഒരുപോലെ ബാധകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികളുടെയും പ്രവാസികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനാ വിധേയമാക്കും

രാജ്യത്തെ തൊഴില്‍ വിപണിയിലെ വ്യാജന്മാരെ കണ്ടെത്തി അവരെ ഒഴിവാക്കുന്നതിലൂടെ തൊഴില്‍ മേഖലയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യവുമായാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. അറബ് മേഖലയിലെയും വിദേശ രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ ശരിയായ യോഗ്യത ഉള്ളവര്‍ മാത്രമേ കുവൈത്തില്‍ ജോലി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

84കാരനായ ഫലസ്തീന്‍ സ്വദേശിയായ മുഹമ്മദ് ഹൗമല്‍ എന്നയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഈയിടെ പരിശോധനയ്ക്കു വിധേയമാക്കി കാര്യവും സൊസൈറ്റി അറിയിച്ചു. 48 വര്‍ഷമായി കുവൈത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അദ്ദേഹം വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന്റെ ഭാഗമായാണ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സമര്‍പ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട പരിശോധനകളും അക്രഡിറ്റേഷന്‍ നടപടികളും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റിക്കു കീഴിലെ ഇന്റര്‍വ്യൂ കമ്മിറ്റി ഇദ്ദേഹവുമായി പ്രത്യേക അഭിമുഖം നടത്തുകയും ചെയ്തിരുന്നു. മുന്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി 1974 മുതല്‍ കുവൈത്തില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരുന്ന അദ്ദേഹത്തിന് ആദ്യമായാണ് തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ അവസരം ലഭിച്ചത്. ഇത്തരം പരിശോധനകള്‍ കുവൈത്തിലെ എഞ്ചിനീയര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ മികച്ച എഞ്ചിനീയര്‍മാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുന്നതോടൊപ്പം അവരെ യോഗ്യതാ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തിലും അതിന്റെ ഭാഗമായി അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്യാനാവില്ലെന്നും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് മേധാവി ഫൈസല്‍ അല്‍ അത്ല്‍ അഭിപ്രായപ്പെട്ടു.

കുവൈത്തില്‍ നിലവില്‍ 40,709 എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ 26.3 ശതമാനം പേര്‍ മാത്രമാണ് സ്വദേശികള്‍. ബാക്കിയുള്ളവര്‍ എല്ലാം വിദേശികളാണ്. എഞ്ചിനീയര്‍മാരില്‍ 84 ശതമാനം പേരും പുരുഷന്‍മാരാണ്. 4000 സ്വദേശി വനിതകള്‍ കുവൈത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. എഞ്ചിനീയര്‍മാരില്‍ ഭൂരിപക്ഷവും 30നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. 60 വയസ്സ് കഴിഞ്ഞ ആകെ 106 എഞ്ചിനീയര്‍മാര്‍ മാത്രമാണ് രാജ്യത്ത് തൊഴിലെടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.