സ്വന്തം ലേഖകൻ: ഉൾക്കടൽ മത്സ്യബന്ധനം, മണൽ മോഷണം, അനധികൃത സ്ഥലങ്ങളിൽ മാലിന്യം തള്ളൽ അടക്കമുള്ള ഗുരുതര പാരിസ്ഥിതിക നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികൾക്കെതിരെ നടപടിയെടുക്കാൻ പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പുറപ്പെടുവിച്ച സർക്കുലറിൽ പിടിക്കപ്പെടുന്ന വിദേശ താമസക്കാരെ അറസ്റ്റ് ചെയ്യുന്നതിനു പുറമെ നാട് കടത്താനുള്ള വ്യവസ്ഥയുമുണ്ടെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഏത് നിയമലംഘന കേസും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും അതുവഴി പൊലീസിന് കുറ്റവാളിയെ പിടികൂടാനും നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ സെല്ലിൽ സൂക്ഷിക്കാനും കഴിയുമെന്ന് ഇ.പി.എ ഡയറക്ടർ ശൈഖ് അഹ്മദ് അൽ ഹുമൂദ് അസ്സബാഹ് ഇൻസ്പെക്ടർമാർക്ക് അയച്ച സർക്കുലറിൽ വിശദീകരിച്ചു.
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഈയടുത്ത് റിപ്പോർട്ട് ചെയ്ത ധാരാളം പരിസ്ഥിതി നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) ഇപ്പോൾ നടപടികൾ സജീവമാക്കിയത്. കഴിഞ്ഞദിവസം ജഹ്റ മരുഭൂമിയിലെ അനധികൃത സ്ഥലത്ത് അവശിഷ്ടങ്ങൾ തള്ളുന്നതിനിടെ ട്രക്ക് ഡ്രൈവർ അറസ്റ്റിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല