സ്വന്തം ലേഖകൻ: പ്രവാസി കുടുംബങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള സന്ദര്‍ശന വീസ നല്‍കുന്നത് പുനരാരംഭിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജനുവരി 28 ഞായറാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു. 18 മാസത്തിലേറെയായി സന്ദര്‍ശക വീസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ വിവിധ റെസിഡന്‍സി അഫയേഴ്സ് കാര്യാലയങ്ങളില്‍ ഫാമിലി വീസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം എക്‌സ് പ്ലാറ്റ്‌പോമിലൂടെയാണ് അറിയിച്ചത്.
പ്രവാസി കുടുംബങ്ങള്‍ക്ക് സന്ദര്‍ശന വീസ അപേക്ഷിക്കുന്നതിന് പുതിയ വ്യവസ്ഥകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ ശമ്പളം 800 കുവൈത്ത് ദിനാര്‍, യൂണിവേഴ്‌സിറ്റി ബിരുദം, അവരുടെ പഠന മേഖലയുമായി പൊരുത്തപ്പെടുന്ന ജോലി എന്നിവ ഉള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഫാമിലി വീസ അനുവദിക്കുക.
ഫാമിലി വിസിറ്റ് വീസ അപേക്ഷകന്റെ തൊഴില്‍ മേഖല അവരുടെ അക്കാദമിക് യോഗ്യതകള്‍ക്ക് അനുസൃതമായിരിക്കണം. ആശ്രിത വീസയ്ക്കോ ഫാമിലി വീസയ്ക്കോ അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ വ്യവസ്ഥകള്‍. വീസ ഇഷ്യു ചെയ്യല്‍ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നടപടികള്‍ ലക്ഷ്യമിടുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
2022 ജൂണ്‍ 27നാണ് ഫാമിലി വിസിറ്റ് വീസ നല്‍കുന്നത് നിര്‍ത്തിവച്ചത്. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുന്നുവെന്നായിരുന്നു അറിയിപ്പ്. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 46 ലക്ഷത്തില്‍ ഏകദേശം 32 ലക്ഷമാണ് പ്രവാസികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല