സ്വന്തം ലേഖകൻ: കുവൈത്ത് തൊഴില്‍ കമ്പോളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഈജിപ്തുകാര്‍ ഒന്നാമതെത്തി. ഇന്ത്യക്കാരെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഈജിപ്ത് ഒന്നാമതെത്തിയത്. രാജ്യത്തെ തൊഴില്‍ കമ്പോളത്തെ കുറിച്ചുള്ള ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. സ്ത്രീകളും പുരുഷന്മാരുമായി 4.57 ലക്ഷം ഈജിപ്തുകാരാണ് കുവൈത്തിലുള്ളത്. ആകെയുള്ള 19 ദശലക്ഷം ജീവനക്കാരുടെ 24 ശതമാനവും ഇപ്പോള്‍ ഈജിപ്റ്റ് പൗരന്മാരാണ്.
2021 സെപ്തംബര്‍ വരെയുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം കുവൈത്ത് തൊഴില്‍ കമ്പോളത്തില്‍ ഈജിപ്ത് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. സ്ത്രീകളും പുരുഷന്മാരും അടക്കം 4.51 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. ഇത് മൊത്തം കുവൈത്ത് ജീവനക്കാരുടെ 23.7 ശതമാനം വരും. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് കുവൈത്ത് പൗരന്മാരാണ്. മൊത്തം തൊഴിലാളികളുടെ 22.3 ശതമാനം വരുന്ന 4.24 ലക്ഷം പേരാണ് കുവൈത്തിലെ സ്വദേശി ജീവനക്കാരുടെ എണ്ണമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
161,100 പേരുള്ള ബംഗ്ലാദേശികളാണ് ജീവനക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത്. പാകിസ്താന് (70,000 പേര്), ഫിലിപ്പീന്‍സ് (66,000), സിറിയ (63,200) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവയാണ് അഞ്ചും ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. 40,100 തൊളിലാളികളുമായി നേപ്പാളികള്‍ എട്ടാം സ്ഥാനത്തും 25,200 പേരുമായി ജോര്‍ദാന്‍ ഒന്‍പതാം സ്ഥാനത്തുമാണ്. 20,300 ജീവനക്കാരുള്ള ഇറാനാണ് ഇക്കാര്യത്തില്‍ പത്താം സ്ഥാനത്ത്. മറ്റ് രാജ്യക്കാരെല്ലാം ചേര്‍ന്ന് 125,100 പേരും കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ട്.
കോവിഡ് മഹാമാരിയുടെ സമയത്ത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചതായികുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുവൈത്ത് വിട്ട ഇന്ത്യക്കാരില്‍ ചിലര്‍ മാത്രമാണ് രാജ്യത്തേക്ക് തിരികെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളെ അടിസ്ഥാനത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഏഴു ലക്ഷത്തിലധികം ഇന്ത്യന്‍ തൊഴിലാളികള്‍ കോവിഡ് മഹാമാരി സമയത്ത് നാടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല