1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക താമസ ഇടങ്ങള്‍ ഒരുക്കാന്‍ തീരുമാനം. പ്രവാസി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി പ്രത്യേക ലേബര്‍ സിറ്റികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. കുവൈത്ത് മുനിസിപ്പാലിറ്റിക്കാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒന്നുകില്‍ അനുയോജ്യമായ സ്ഥലത്ത് ലേബര്‍ സിറ്റികള്‍ നിര്‍മിക്കുന്നതിനോ അല്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായ അത്ര എണ്ണം വീടുകള്‍ നിര്‍ക്കുന്നതിനോ ഉള്ള സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കാനാണ് മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടു മാത്രമേ നടപടികളുമായി മുന്നോട്ടു പോകാവൂ എന്നും മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി.

ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍ ഒരു ലേബര്‍ സിറ്റിയില്‍ താമസിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അയല്‍പക്ക മാതൃകയിലായിരിക്കണം താമസ ഇടങ്ങള്‍ ഒരുക്കേണ്ടത്. പ്രവേശന കവാടങ്ങള്‍, ഗേറ്റുകള്‍, കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവിടങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണം. ലേബര്‍ സിറ്റികള്‍ സ്ഥാപിക്കുന്നതിലെ അടിസ്ഥാന ഘടകം താമസക്കാരുടെ എണ്ണമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ലേബര്‍ സിറ്റികള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. താമസക്കാരുടെ എണ്ണം കൂടുന്നതിന് അനുസൃതമായി ലേബര്‍ സിറ്റി നിര്‍മാണത്തിനുള്ള ചെലവും കൂടുമെന്നും അത് സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സ്വദേശികള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ സിറ്റികളില്‍ നിന്ന് ചുരുങ്ങിയത് അഞ്ച് കിലോമീറ്റര്‍ മാറി മാത്രമേ ലേബര്‍ സിറ്റികള്‍ സ്ഥാപിക്കാവൂ. നാല് മീറ്റര്‍ ഉയരത്തില്‍ ചുറ്റുമതില്‍ പണിയണമെന്നതാണ് മറ്റൊരു നിബന്ധന. ആളുകള്‍ അനധികൃമായി കെട്ടിട സമുച്ഛയത്തില്‍ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്. ആളുകള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും ലേബര്‍ സിറ്റികളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോവുന്നതിനും പ്രത്യേക ഗേറ്റുകള്‍ സ്ഥാപിക്കണമെന്നതാണ് മറ്റൊരു നിബന്ധന. കാല്‍നട യാത്രക്കാര്‍ക്ക് പ്രത്യേക ഗേറ്റും അനുവദിക്കും. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ആളുകളെയും വാഹനങ്ങളെയും ഇവിടേക്ക് കടത്തിവിടുകയുള്ളൂ.

ഓരോ ലേബര്‍ കേന്ദ്രത്തോടും ചേര്‍ന്ന് ഒരു മിനി പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കുറ്റകൃത്യങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. അതേസമയം, നല്ല രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നതിനാവശ്യമായ എല്ലാ ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും ലേബര്‍ സിറ്റിയില്‍ ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്ട്രീറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പാര്‍ക്കിംഗ് ഏരിയകള്‍, കളിസ്ഥലങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കണം. ആളുകള്‍ക്ക് ആവശ്യങ്ങള്‍ക്ക് പുറത്തു പോവേണ്ടാത്ത വിധം അത്യാവശ്യ സൗകര്യങ്ങളെല്ലാം ലേബര്‍ സിറ്റിക്കകത്ത് ഒരുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.