![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Expat-Remittance-Tax.jpg)
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം കുവൈത്തിൽ നിന്നു വിദേശികളുടെ പണമിടപാട് കൂടുതലും ഇന്ത്യയിലേക്കായിരുന്നെന്ന് സാമ്പത്തിക വിഭാഗത്തിന്റെ സ്ഥിതിവിവര കണക്ക്. ഇടപാടിന്റെ 29.5% ഇന്ത്യയിലേക്കായിരുന്നു. ഈജിപ്തിലേക്ക് 24.2%, ബംഗ്ലാദേശ് 9%, ഫിലിപ്പീൻസ് 4.9%, പാക്കിസ്ഥാൻ (4.3%), ശ്രീലങ്ക (2.19), ജോർദാൻ (1.9), നേപ്പാൾ (1.2), ലബനൻ (0.8) എന്നിങ്ങനെയാണ് കണക്ക്.
അതേസമയം വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തുന്നത് വിപരീത ഫലമുണ്ടാക്കുമെന്നു പാർലമെന്റ് സമിതിയുടെ ശുപാർശ പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കി. നികുതി ഏർപ്പെടുത്തിയാൽ വിദേശികൾ പണമയക്കുന്നതിനു ഹവാല ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും. തീവ്രവാദത്തെ സഹായിക്കുന്ന പണംവെളുപ്പിക്കലുകാർ അത് ദുരുപയോഗം ചെയ്തേക്കും.
രാജ്യത്തിന്റെമൊത്തം സാമ്പത്തികാവസ്ഥയ്ക്കും രാജ്യാന്തര നാണയ നിധിയുടെയുൾപ്പെടെയുള്ള നിലപാടുകൾക്കും വിപരീതമാകും അതെന്നും സമിതി വ്യക്തമാക്കി. അന്താരാഷ്ട്ര നാണയ നിധിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനം കൈക്കൊള്ളുന്നതിലൂടെ സാമ്പത്തിക, വാണിജ്യ കേന്ദ്രമെന്ന കുവൈത്തിന്റെ അവകാശവാദത്തിന് അത് എതിരാവുമെന്നും പഠനത്തില്‍ കണ്ടെത്തി.
കുവൈത്തില്‍ നിന്ന് വിദേശികള്‍ നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തേ കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ നിശ്ചിത ശതമാനം നികുതിയായി ഈടാക്കണമെന്ന നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്നാണ് പാര്‍ലമെന്റിനോട് എംപിമാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെയും അതേപോലെ അവരുടെ ട്രഷറി നിക്ഷേപത്തിന്റെയും അഞ്ച് ശതമാനത്തില്‍ കുറയാത്ത സംഖ്യ നികുതിയായി ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. പ്രവാസിയുടെ വാര്‍ഷിക വരുമാനത്തിന്റെ പകുതിയിലേറെ തുക നാട്ടിലേക്ക് അയക്കുന്ന പക്ഷം നികുതി ഈടാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല