സ്വന്തം ലേഖകൻ: കുവൈത്തില്‍നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റൻസ് ടാക്സ് ഈടാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കുവൈത്തില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം അഞ്ചു മുതല്‍ 17 ബില്യൺ ഡോളറാണ് വിദേശികള്‍ പുറത്തേക്ക് അയക്കുന്നത്. സൗദി അറേബ്യ, ബഹ്റൈൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ വർഷങ്ങൾക്ക് മുമ്പുതന്നെ നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന ബാങ്കുകൾക്കും മണി എക്സ്ചേഞ്ചുകള്‍ക്കും പിഴ ചുമത്താന്‍ കുവൈത്ത് സെൻട്രൽ ബാങ്കിന് നിർദേശം നല്‍കണമെന്നും ഫഹദ് ബിൻ ജമി ആവശ്യപ്പെട്ടു. അതേസമയം, വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിടുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.
അതിനിടെ കുവെെറ്റിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യൻ എംബസി. തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണം, അപകടകരമായ ജോലി ചെയ്യാന്‍ തൊഴിലാളിയെ നിർബന്ധിക്കരുതെന്നും എംബസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിർദേശവുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ വ്യക്തമാക്കിയാണ് എംബസി പ്രസ്ഥാവന പുറത്തിറക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല