
സ്വന്തം ലേഖകൻ: കുവൈത്തില്‍നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വർധന. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് പണം അയക്കുന്നതില്‍ 3.6 ശതമാനത്തിലേറെ വർധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട കണക്കുകളിലാണ് പുതിയ വിവരങ്ങള്‍.
രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന ഒമ്പതുമാസത്തിനിടെ കുവൈത്തിലെ പ്രവാസികൾ വിവിധ നാടുകളിലേക്കയച്ചത് 4.27 ബില്യൺ ദീനാറാണ്.
2022ലെ ആദ്യപാദത്തില്‍ 1.49 ബില്യൺ ദീനാറും രണ്ടാം പാദത്തിൽ 1.51 ബില്യൺ ദീനാറും മൂന്നാം പാദത്തിൽ 1.28 ബില്യൺ ദീനാറുമാണ് വിദേശികള്‍ സ്വദേശത്തെക്ക് അയച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പണം അയക്കുന്നതില്‍ 3.6 ശതമാനം വർധിച്ചതായി അധികൃതര്‍ പറഞ്ഞു.
വിദേശികള്‍ ഏറെയുള്ള ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത് അടക്കം ലോകത്തിലെ പല രാജ്യങ്ങളുടേയും കറന്‍സികള്‍ തിരച്ചടി നേരിട്ടതോടെ കുവൈത്ത് ദീനാറിന് മികച്ച വിനിമയ മൂല്യമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് ഭീതി അവസാനിച്ചതോടെ, തൊഴിൽ മേഖല മെച്ചപ്പെട്ടതും പ്രവാസികൾക്ക് ഗുണകരമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല