![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Expats-above-60-Visa-Renewal.png)
സ്വന്തം ലേഖകൻ: 2021ലെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ കുവൈത്തില്‍ നിന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജോലികള്‍ ഒഴിവാക്കി നാടുകളിലേക്ക് മടങ്ങിയത് 60 വയസ്സ് കഴിഞ്ഞ 13500ലേറെ പ്രവാസികള്‍. രാജ്യത്തെ 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതിക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനിന്ന അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഇത്രയും പ്രവാസികള്‍ കുവൈത്ത് വിട്ടത്.
2021 ജനുവരി ഒന്നു മുതല്‍ സപ്തംബര്‍ അവസാനം വരെയുള്ള കണക്കുകളാണിത്. ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക അറബിക് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതത്. ഒന്‍പത് മാസത്തിനുള്ളില്‍ 17 ശതമാനത്തിന്റെ കുറവാണ് പ്രായമായ പ്രവാസികളുടെ എണ്ണത്തില്‍ ഉണ്ടായത്. 2021ന്റെ തുടക്കത്തില്‍ 60 കഴിഞ്ഞ പ്രവാസികളുടെ എണ്ണം 81,500 ആയിരുന്നത് സപ്തംബര്‍ അവസാനത്തോടെ 67,890 ആയി കുറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 1,025 പേരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 12,500 പേരുമാണ് കുവൈത്ത് വിട്ടത്. സപ്തംബര്‍ അവസാനമായതോടെ സര്‍ക്കാര്‍ മേഖലയില്‍ 5,040ഉം സ്വകാര്യ മേഖലയില്‍ 62,940ഉം വയോധികരായ പ്രവാസികളാണ് ബാക്കിയായത്.
അതേസമയം, ഈ കാലയളവില്‍ ഇതേ പ്രായത്തില്‍ പെട്ട ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 12 ശതമാനത്തിന്റെ വര്‍ധനവാണ് ഇവരുടെ എണ്ണത്തില്‍ ഉണ്ടായത്. മുന്‍ വര്‍ഷം ഇവരുടെ എണ്ണം 10,700 ആയിരുന്നത് കഴിഞ്ഞ സപ്തംബറോടെ 12,000 ആയി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദ യോഗ്യത ഇല്ലാത്തവരുടെ വിസ 2021 ജനുവരി മുതല്‍ പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് ഇത്രയേറെ പ്രവാസികള്‍ കുവൈത്ത് വിടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
അതേസമയം, ജീവിതത്തിന്റെ ഏറിയ പങ്കും കുവൈത്തില്‍ തൊഴിലെടുത്ത ഇവരെ നാടുകളിലേക്ക് പറഞ്ഞുവിടുന്നത് മര്യാദയല്ലെന്നും അവരുടെ വലിയ തൊഴില്‍ അനുഭവം നഷ്ടപ്പെടുത്തുന്നത് രാജ്യത്തിലെ തൊഴില്‍ കമ്പോളത്തില്‍ വലിയ തിരിച്ചടിയാവുമെന്നും ചൂണ്ടിക്കാട്ടി ഇതിനെതിരേ പ്രതിഷേധം കനത്തതോടെ നിശ്ചിത ഫീസ് ഈടാക്കിയും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയും വിസ പുതുക്കി നല്കാന് അധികൃതര്‍ സമ്മതിക്കുകയായിരുന്നു. വിസ പുതുക്കില്ലെന്ന തീരുമാനം കൈവന്ന് ഒരു വര്‍ഷത്തിനു ശേഷം 2022 ആദ്യത്തിലാണ് ഈ പ്രശ്നത്തിന് പരിഹാരമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല